ശബരിമല സ്വർണക്കൊള്ള കോൺഗ്രസിന്റെ വിശ്വാസ സംരക്ഷണയാത്രകൾ തുടങ്ങി
തിരുവനന്തപുരം: ശബരമലയിലെ സ്വർണക്കൊള്ളയ്ക്കും വിശ്വാസ വഞ്ചനയ്ക്കുമെതിരെ കോൺഗ്രസ് നടത്തുന്ന വിശ്വാസ സംരക്ഷണ മേഖലാ യാത്രകൾ ഇന്നലെ തുടങ്ങി. പാലക്കാട്, കാസർകോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള യാത്രകളാണ് പുറപ്പെട്ടത്. മുവാറ്റുപുഴയിൽ നിന്നുമുള്ള യാത്ര ഇന്ന് തുടങ്ങും. 17ന് നാലു യാത്രകളും ചെങ്ങന്നൂരിൽ സംഗമിക്കും. 18ന് പന്തളത്താണ് സമാപനം.
പാലക്കാട് നിന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി നയിക്കുന്ന യാത്ര തൃത്താലയിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. കാസർകോട്ട് നിന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. മുരളീധരൻ നയിക്കുന്ന യാത്ര പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഉദ്ഘാടനം ചെയ്തത്.
തിരുവനന്തപുരത്ത് നിന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി നയിക്കുന്ന യാത്ര കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴയിൽ നിന്ന് രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബഹ്നാൻ എം.പി നയിക്കുന്ന യാത്ര ഇന്ന് രാവിലെ 10ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി ഉദ്ഘാടനം ചെയ്യും.