സർക്കാർ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നു: ചെന്നിത്തല

Wednesday 15 October 2025 1:54 AM IST

തിരുവനന്തപുരം: ഇടതുമുന്നണി സർക്കാർ കേരളത്തിലെ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുകയും ക്ഷേത്രങ്ങളുടെ സ്ഥാവര ജംഗമ സാധനങ്ങൾ കൊള്ളയടിക്കുകയുമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. കെ.പി.സി.സിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തു നിന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.

കേരളത്തിൽ മതേതരത്വത്തിന്റെ ഏറ്റവും വലിയ പ്രതീകമായി നിലനിൽക്കുന്ന ശബരിമലയെ ഏതു വിധത്തിലും തകർക്കാനാണ് ഇടതുമുന്നണി സർക്കാർ ശ്രമിക്കുന്നത്. ജാതിക്കും മതത്തിനും അതീതമായി മനുഷ്യസ്‌നേഹത്തിന്റെ ഉദാഹരണമായി ചൂണ്ടിക്കാട്ടാൻ പറ്റുന്ന സ്ഥലമാണ് ശബരിമല.

അവിടെനിന്ന് സ്വർണ്ണം പൂശിയ ദ്വാരപാലക ശില്പങ്ങൾ അടിച്ചു മാറ്റിയിരിക്കുന്നു. സ്വർണം പൂശിയ വാതിൽ പടിയും മോഷ്ടിച്ചിരിക്കുന്നു. ഇതിനെല്ലാം ദേവസ്വം ബോർഡും മന്ത്രിമാരും കൂട്ടുനിന്നിട്ടുണ്ട്.

എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി മുഖ്യപ്രഭാഷണം നടത്തി. എം. വിൻസന്റ് എം.എൽ.എ വൈസ് ക്യാപ്റ്റനായി പഴവങ്ങാടി ക്ഷേത്രം പരിസരത്തുനിന്ന് ആരംഭിച്ച യാത്ര 18 ന് പന്തളത്ത് അവസാനിക്കും.