ഗുരുദേവന്റെ ഏകലോക സങ്കല്പം മനുഷ്യരാശിക്ക് മാതൃക: ജസീന്ത ഓസ്ട്രേലിയയിൽ സർവമത സമ്മേളനം
മെൽബൺ: ശ്രീനാരായണഗുരുദേവന്റെ ഏകലോക സങ്കല്പം മനുഷ്യരാശിക്കാകെ മാതൃകയാണെന്ന് ഓസ്‌ട്രേലിയയിലെ മെൽബൺ വിക്ടോറിയൻ പ്രീമിയർ ജസീന്ത അലൻ പറഞ്ഞു. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന സന്ദേശം നൽകിയ ശ്രീനാരായണ ഗുരുദേവൻ ലോകത്തിന്റെ തന്നെ ഗുരുവാണെന്നും ജസീന്ത ചൂണ്ടിക്കാട്ടി. വിക്ടോറിയൻ പാർലമെന്റ് സമുച്ചയ ഹാളിൽ നടന്ന സർവമത സമ്മേളന ശതാബ്ദിയുടെ ഭാഗമായുള്ള സർവമത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസീന്ത. വിവിധ സംസ്കാരങ്ങളും ജനങ്ങളും വസിക്കുന്ന നാടാണ് ഓസ്ട്രേലിയ. അതുകൊണ്ടു തന്നെ ഗുരുദേവ ദർശനം അവിടെ സുപ്രധാനമാണെന്നും അവർ ചൂണ്ടിക്കാട്ടി.
യുക്രെയിൻ കത്തോലിക്കാ സഭയുടെ പ്രതിനിധി മൈക്കോല കർദിനാൾ ബൈച്ചോക്ക്, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവർ സംസാരിച്ചു. ഓംസായ് സൻസ്ഥാൻ ക്ഷേത്രം പുരോഹിതൻ കിരുബാശങ്കർ നടരാജൻ, അൽബേനിയൻ മുസ്ളിം സൊസൈറ്റിയിലെ ഇമാം ഹൈസ്നി മെർജ, സിഖ് മതത്തെ പ്രതിനിധീകരിച്ച് ബീർ സിംഗ്, ക്വാംഗ് മൻ ബുദ്ധക്ഷേത്രത്തിലെ ഫുവോ താൻ തിച്ച്, ഓസ്ട്രേലിയൻ മൾട്ടി കൾച്ചറൽ മീഡിയ കൗൺസിൽ പ്രതിനിധി ഹുസൈൻ മഹമ്മദ്, ബെർവിക് സക്യാമുനി സംബുദ്ധവിഹാരത്തിലെ വിമലാനന്ദനായക തിരോ, ചൈനീസ് കൾച്ചറൽ കമ്മ്യൂണിറ്റി പ്രതിനിധി സ്റ്റീഫൻ ച്യൂ എന്നിവർ പങ്കെടുത്ത ആശയസംവാദവും ശ്രദ്ധേയമായി.
സ്വാമി ഋതംഭരാനന്ദ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ, സ്വാമി വിശാലാനന്ദ, സ്വാമി അസംഗാനന്ദ, സ്വാമി വീരേശ്വരാനന്ദ, ഈഴവ മഹാജനസഭ പ്രസിഡന്റ് പി.എസ്. ബാബുറാം, ഗോകുലം ഗോപാലൻ, ഡോ. എ.വി. അനൂപ്, ഡോ. സുരേഷ് മധുസൂദനൻ, കെ. മുരളീധരൻ, സജീവൻ തന്ത്രി, എസ്. അജയകുമാർ, മങ്ങാട് ബാലചന്ദ്രൻ തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുത്തു.
സ്വാമി സച്ചിദാനന്ദ രചിച്ച ഇംഗ്ളീഷ് പുസ്തകങ്ങളുടെ പ്രകാശനം ഡോ. എ.വി. അനൂപും ഡോ. സുരേഷ് മധുസൂദനനും ചേർന്ന് നിർവഹിച്ചു. വിവിധ മതങ്ങളെ പ്രതിനിധീകരിച്ച് 80 ഓളം പേരും സമ്മേളനത്തിൽ പങ്കെടുത്തു. മലയാളികളായി സന്തോഷ് കുമാർ, സന്തോഷ് അറയ്ക്കൽ, ദിവ്യ മുരുകേഷ് തുടങ്ങിയവരുമുണ്ടായിരുന്നു.
നന്മയുടെ നവദീപം: സ്വാമി ശുഭാംഗാനന്ദ
നന്മയുടെ നവദീപം തെളിക്കാൻ ലോകമതപാർലമെന്റിലൂടെ സാദ്ധ്യമാകുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽസെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. ഓസ്ട്രേലിയൻ ലോകമതപാർലമെന്റ് സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. വാദിക്കാനും ജയിക്കാനുമല്ല അറിയാനു അറിയിക്കാനുമാണ് എന്ന ആലുവ സർവ്വമത സമ്മേളനത്തിന്റെ വിളംബര സന്ദേശം ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ ആഗോളതലത്തിൽ വ്യാപിപ്പിക്കുകയാണ്. മത വൈരത്തിനും മത വിദ്വേഷത്തിനും എതിരെയുള്ള തയ്യാറെടുപ്പാണ് ശതാബ്ദി സമ്മേളനമെന്നും സ്വാമി പറഞ്ഞു.
ശശി തരൂർ
സംഘർഷത്തിന്റെ നെറുകയിൽ നിൽക്കുന്ന ലോകത്തെ സമാധാനത്തിലേക്ക് നയിക്കാൻ ശ്രീനാരായണഗുരുദേവ ദർശനത്തിലൂടെ മാത്രമേ സാധിക്കൂവെന്ന് ശശി തരൂർ എം.പി പറഞ്ഞു. മതത്തിന്റെ പേരിൽ കലഹിക്കാനല്ല, ഓരോ മതവും തിരിച്ചറിഞ്ഞ സത്യങ്ങൾ പങ്കുവയ്ക്കാനാണ് ആലുവ അദ്വൈതാശ്രമത്തിന്റെ മണ്ണിൽ സർവമതസമ്മേളനം വിളിച്ചുകൂട്ടിയതെന്നും തരൂർ പറഞ്ഞു.
മനുഷ്യരാശിയുടെ അനുഗ്രഹം: സ്വാമി സച്ചിദാനന്ദ
മനുഷ്യരാശിക്ക് ലഭിച്ച അനുഗ്രഹമാണ് ശ്രീനാരായണ ഗുരുദേവനെന്ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ആമുഖ പ്രസംഗത്തിൽ പറഞ്ഞു. മതാതീതനായി നിലകൊണ്ട സന്യാസിവര്യനാണ് ഗുരുദേവൻ. മനുഷ്യരാശിയുടെ ഏകതയാണ് ഗുരുദർശനം. മനുഷ്യനെ ഏകത്വബോധത്തിലേക്ക് ആനയിക്കാനാണ് ഗുരു ആഗ്രഹിച്ചതെന്നും സ്വാമി പറഞ്ഞു. വിക്ടോറിയൻ പ്രീമിയർ ജസീന്ത അലനെ ശിവഗിരി സന്ദർശിക്കാൻ സ്വാമി സച്ചിദാനന്ദ ക്ഷണിച്ചു.