പേരാമ്പ്രയിലെ സംഘർഷം; അഞ്ച് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ, സ്‌ഫോടക വസ്തു എറിഞ്ഞതിൽ കേസ്

Wednesday 15 October 2025 8:39 AM IST

കോഴിക്കോട്: പേരാമ്പ്രയിലെ സംഘർഷത്തിൽ പൊലീസിനുനേരെ സ്‌ഫോടക വസ്തുവെറിഞ്ഞ കേസിൽ അഞ്ച് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ. സംഘർഷ സമയത്ത് പൊലീസിനുനേരെ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞെന്ന എൽഡിഎഫ് ആരോപണത്തിൽ പേരാമ്പ്ര പൊലീസ് അന്വേഷണം ആരംഭിക്കുകയും കേസെടുക്കുകയുമായിരുന്നു.

ജീവന് അപായം വരുത്തണമെന്ന ലക്ഷ്യത്തോടെ സ്ഫോടക വസ്തു വലിച്ചെറിഞ്ഞെന്നും പൊലീസുകാർക്കിടയിൽ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് യുഡിഎഫ് പ്രവർത്തകർ പൊലീസിനുനേരെ കുപ്പി എറിയുന്നത് കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. പൊട്ടിത്തെറി നടക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

പൊലീസിന്റെ ഗ്രനേഡോ ,കണ്ണീർവാതകമോ പ്രയോഗിക്കുമ്പോഴുണ്ടാകുന്ന രീതിയിലല്ല സ്ഫോടനത്തിന്റെ ദൃശ്യങ്ങളെന്നും പേരാമ്പ്ര പൊലീസ് പറഞ്ഞു. പേരാമ്പ്രയില്‍ സംഘര്‍ഷത്തിനിടിയില്‍ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റിരുന്നു. മേലുദ്യോഗസ്ഥരുടെ ഉത്തരവില്ലാതെയാണ് എംപി ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് ലാത്തി പ്രയോഗം നടത്തിയതെന്ന റൂറൽ എസ്പിയുടെ തുറന്നുപറച്ചിലും വിവാദമുണ്ടാക്കിയിട്ടുണ്ട്. സംഘർഷത്തിൽ ഷാഫി ഉൾപ്പെടെ എഴുന്നൂറോളം പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

ഉത്തരമേഖല ഡിഐജി യതീഷ് ചന്ദ്രയുടെയും വടകര റൂറൽ എസ്പി കെ ഇ ബെെജുവിന്റെയും നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ദിവസം കൂടുതൽ പരിശോധനയ്ക്കായി സ്ഫോടനം നടന്ന സ്ഥലം അന്വേഷണസംഘം സന്ദർശിച്ചിരുന്നു. ഡോഗ് സ്ക്വാഡും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചു.