മരത്തിൽ നിന്ന് 500 രൂപ നോട്ടുകൾ താഴേക്ക്; മുകളിലേക്ക് നോക്കിയപ്പോൾ 50,000 രൂപയുമായി കുരങ്ങൻ, പിന്നെ സംഭവിച്ചത്

Wednesday 15 October 2025 9:53 AM IST

ലക്‌നൗ: മരത്തിന് മുകളിൽ ഒരു സഞ്ചിനിറയെ പണവുമായി ഇരിക്കുന്ന കുരങ്ങിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഒരു മാസം മുൻപ് പ്രയാഗ്‌രാജിലാണ് സംഭവം നടന്നത്. വഴിയാത്രക്കാരനിൽ നിന്ന് ഒരു ചെറിയ ക്യാരിബാഗ് തട്ടിയെടുത്ത് കുരങ്ങൻ മരത്തിന് മുകളിൽ കയറുകയായിരുന്നു.

ഈ ബാഗിൽ നിന്ന് 500 രൂപയുടെ ഒരു കെട്ട് നോട്ടാണ് കുരങ്ങ് പുറത്തെടുത്തത്. ശേഷം അത് കഴിക്കാൻ ശ്രമിക്കുന്നുണ്ട്. ആളുകൾ ബഹളം വച്ചതോടെ നോട്ടുകൾ കടിച്ചുപിടിച്ച് കുരങ്ങ് മരത്തിന് മുകളിലേക്ക് പോകുന്നു. അവിടെ ഉണ്ടായിരുന്ന ചിലരാണ് വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 50,000 രൂപയുടെ ഒരു കെട്ടാണ് കുരങ്ങിന്റെ കെെവശം ഉണ്ടായിരുന്നത്. പിന്നീട് ആ പണത്തിന് എന്തുസംഭവിച്ചുവെന്ന് വ്യക്തമല്ല.

നടപാതയിലൂടെ നടക്കുന്നതിനിടെ 500 രൂപ നോട്ട് താഴേക്ക് പതിക്കുന്നത് കണ്ടാണ് ആളുകൾ മുകളിലേക്ക് നോക്കിയത്. അപ്പോഴാണ് നോട്ടുമായിരിക്കുന്ന കുരങ്ങിനെ കണ്ടത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വെെറലായി. നിരവധി പേരാണ് ലെെക്കും കമന്റുമായി എത്തുന്നത്.