'ഏറ്റുമുട്ടാൻ വരേണ്ട, സൂക്ഷിച്ച് സംസാരിക്കണം'; പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സജി ചെറിയാൻ ശ്രമിച്ചെന്ന് ജി സുധാകരൻ
കൊച്ചി: മന്ത്രി സജി ചെറിയാനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചതിൽ സജി ചെറിയാനും പങ്കാളിയാണ്. ഏറ്റുമുട്ടാൻ വരണ്ടെന്നും സൂക്ഷിച്ച് സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'ഇരിക്കുന്ന സ്ഥാനമെന്താണെന്ന് സജി ചെറിയാൻ മനസിലാക്കുന്നില്ല. പാർട്ടിക്ക് യോജിക്കാത്ത രീതിയിൽ അദ്ദേഹം പറഞ്ഞ പതിനാല് കാര്യങ്ങൾ ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇടയ്ക്ക് മന്ത്രിസഭയിൽ നിന്ന് മാറ്റി. അദ്ദേഹമാണ് എന്നെ ഉപദേശിക്കുന്നത്. എന്നെ ഉപദേശിക്കാനുള്ള അർഹതയോ അതിനുള്ള പ്രായമോ പ്രത്യയശാസ്ത്ര ബോധമോ തനിക്കുണ്ടെന്ന് അദ്ദേഹം കരുതുന്നുണ്ടെങ്കിലും ജനം അങ്ങനെ കരുതുന്നില്ല. ഞങ്ങൾ രണ്ടുപേരെയും കുറിച്ച് നിങ്ങൾ ജനങ്ങളുടെയിടയിൽ പഠനം നടത്തുക.
സജി ചെറിയാൻ സൂക്ഷിച്ച് സംസാരിച്ചാൽ കൊള്ളാം. എന്റെ കൂടെ നിന്ന് ഫൈറ്റ് ചെയ്തതല്ലേ. പാർട്ടി നയത്തിനെതിരെ സംസാരിക്കുകയും നേതാക്കളെ ആക്ഷേപിക്കുകയും ചെയ്യുന്നതിനെതിരെയാണ് ഞാൻ സംസാരിക്കുന്നത്. അത് പാർട്ടിയിൽ ഉറച്ചുനിന്നുകൊണ്ടാണ്. ഞാൻ ഇത് തുടരും. ആലപ്പുഴയിലെ പാർട്ടി നശിക്കാതിരിക്കാനാണ് ഞാനിത് ചെയ്യുന്നത്. '- സുധാകരൻ പറഞ്ഞു.
ജി സുധാകരൻ പാർട്ടിയുമായി ചേർന്നുപോകണമെന്ന് സജി ചെറിയാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രവർത്തികണമെന്നും പ്രശ്നങ്ങൾ തുറന്ന മനസോടെ ചർച്ച ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.