പ്രവാസി മലയാളികൾക്ക് കോളടിച്ചു; ഒരാൾക്ക് കിട്ടിയത് 30 ലക്ഷം രൂപയുടെ സ്വർണക്കട്ടി, ഭാഗ്യം തേടിയെത്തിയത് അഞ്ചുപേരെ

Wednesday 15 October 2025 10:56 AM IST

അബുദാബി: ബിഗ് ടിക്കറ്റിന്റെ ഒക്‌ടോബർ മാസത്തെ ആദ്യ ഇ - നറുക്കെടുപ്പിൽ മൂന്ന് മലയാളികളടക്കം അഞ്ചുപേർ വിജയികളായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയ്‌ക്ക് പുറമേ യുകെ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മറ്റ് ഭാഗ്യശാലികൾ. മലയാളിയായ മുഹമ്മദ് സക്കീർ, ലിജിൻ തോമസ്, ബോണി തോമസ് എന്നിവർക്കാണ് ഭാഗ്യസമ്മാനം ലഭിച്ചത്. യുകെയിൽ നിന്നുള്ള നയ ജോൺ, പാകിസ്ഥാനിൽ നിന്നുള്ള അമീർ അലി എന്നിവരാണ് ബിഗ് ടിക്കറ്റ് സമ്മാനം ലഭിച്ച മറ്റുള്ളവർ.

അഞ്ചുപേർക്ക് 250 ഗ്രാം വീതം 24 കാരറ്റ് സ്വർണക്കട്ടിയാണ് ലഭിക്കുക. അതായത് ദുബായിലെ ഇന്നത്തെ വില പ്രകാരം 30.32 ലക്ഷം രൂപ വിലമതിക്കും. 44കാരനായ മുഹമ്മദ് സക്കീർ ആർക്കിടെക്‌ടാണ്. കഴിഞ്ഞ 17 വർഷമായി കുടുംബത്തോടൊപ്പം അബുദാബിയിൽ താമസിക്കുകയാണ്. അടുത്തിടെ പുതിയ കമ്പനിയിലേക്ക് മാറിയ സക്കീർ സഹപ്രവർത്തകരിൽ നിന്നാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് മനസിലാക്കുന്നത്. തുടർന്ന് ടിക്കറ്റെടുക്കുകയായിരുന്നു. ആദ്യശ്രമത്തിൽ തന്നെ വിജയിച്ചത് അവിശ്വസനീയമായ അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു.

280- 013230 നമ്പർ ടിക്കറ്റിലൂടെയാണ് ലിജിനെ ഭാഗ്യം തേടിയെത്തിയത്. 31കാരനായ ബോണി ഒരു കമ്പനിയിൽ കോർഡിനേറ്റിംഗ് ഓഫീസറാണ്. 2017 മുതൽ കുടുംബത്തോടൊപ്പം ദുബായിൽ താമസിക്കുന്നു. അഞ്ച് വർഷം മുമ്പ് സോഷ്യൽ മീഡിയ വഴിയാണ് അദ്ദേഹം ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. പിന്നീട് സുഹൃത്തുക്കളുമായി ചേർന്ന് ടിക്കറ്റുകൾ വാങ്ങാറുണ്ടായിരുന്നു. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കുന്നത് ഇനിയും തുടരുമെന്ന് ബോണി പറഞ്ഞു.