കുതിച്ചുകയറി വീണ്ടും സ്വർണവില; ഇന്ന് പവന് 400 രൂപ കൂടി, നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് പവന് 400 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഇന്നത്തെ സ്വർണവില പവന് 94,520 രൂപയായി. ഗ്രാമിന് 50 രൂപ വർദ്ധിച്ച് 11,815 രൂപയായി. തുടർച്ചയായ അഞ്ചാം ദിവസമാണ് സ്വർണ വില റെക്കാഡുകൾ പുതുക്കി കുതിക്കുന്നത്. ഇന്നലെ കനത്ത ചാഞ്ചാട്ടമാണ് സ്വർണ വിലയിൽ ദൃശ്യമായത്.
ഇന്നലെ സ്വർണവില മൂന്ന് തവണയാണ് മാറിയത്. രാവിലെ 9.20ന് 2,400 രൂപ ഉയർന്ന് 94,360 രൂപയിലെത്തി റെക്കാഡിട്ട പവൻ വിലയിൽ പിന്നീട് രണ്ട് തവണ മാറ്റം വരുന്നു. ഉച്ചയ്ക്ക് 12.10ന് പവൻ വില 1,200 കുറഞ്ഞ് 93,120 രൂപയിലെത്തി. ഗ്രാമിന്റെ വില 150 രൂപ കുറച്ച് 11645 രൂപയായി നിശ്ചയിച്ചു. ഉച്ചയ്ക്ക് ശേഷം കേരളത്തിലെ സ്വർണ വില വീണ്ടും 960 രൂപ വർദ്ധനയോടെ 94,120 രൂപയിലാണ് അവസാനിച്ചത്. ഗ്രാമിന്റെ വില 120 രൂപ ഉയർന്ന് 11765 രൂപയിലെത്തി.
രാജ്യാന്തര വിപണിയിൽ രാവിലെ സ്വർണ വില ഔൺസിന് (31.1ഗ്രാം) 4,180 ഡോളറായിരുന്നു. പിന്നീട് വില 4,100 ഡോളറിലേക്ക് താഴ്ന്നു. ഇതോടെ കേരളത്തിലും വിലയിൽ മാറ്റം വരുത്തി.ചൈനയും അമേരിക്കയുമായുള്ള വ്യാപാര ബന്ധങ്ങൾ വഷളാകുന്നതും ഡോളറിന്റെ ദൗർബല്യവുമാണ് സ്വർണത്തിന് കരുത്ത് പകരുന്നത്.
വിലക്കുതിപ്പിന് ആവേശമാകുന്നത്
- രൂക്ഷമാകുന്ന ചൈന, അമേരിക്ക വ്യാപാര യുദ്ധം
- അമേരിക്കയിൽ പലിശ കുറയാനുള്ള സാദ്ധ്യത
- സുരക്ഷിതത്വം തേടി കേന്ദ്ര ബാങ്കുകളുടെ വാങ്ങൽ
- ഡോളറിന് ബദൽ നാണയമായി സ്വർണം മാറുന്നു