വൈറലാകാനല്ല; അച്ഛന്റെ പാത പിന്തുടർന്ന ലക്ഷ്മി ഇന്ന് ഹെവി വെഹിക്കിൾ ഡ്രൈവർ, കൂട്ടായി കുടുംബവും സഹപ്രവർത്തകരും

Wednesday 15 October 2025 11:48 AM IST

സ്ത്രീകൾക്ക് സുരക്ഷിതമായി ജോലി ചെയ്യാൻ സാധിക്കാത്ത മേഖലയുണ്ടോ? അത് പണ്ടത്തെ കാലം. ഏതുമേഖലയിലും ആർജവത്തോടെ മുന്നിട്ടിറങ്ങുന്ന ഒരുകൂട്ടം വനിതകൾ നമ്മുടെ കൊച്ചുകേരളത്തിലുണ്ട്. അത്തരത്തിൽ കൊച്ചിക്കാരുടെ പ്രിയങ്കരിയായി മാറിയ ഒരു 23കാരിയുണ്ട്. ഹെവി വെഹിക്കിൾ ഡ്രൈവറായ ലക്ഷ്മി അനന്തകൃഷ്ണൻ. ടാങ്കർലോറി ഡ്രൈവറായ അച്ഛൻ അനന്തകൃഷ്ണന്റെ അതേ തൊഴിൽ ജീവിതവൃത്തിയായി തിരഞ്ഞെടുത്ത കൊച്ചിക്കാരിയുടെ മുഖം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാണ്.

എറണാകുളം ജില്ലയിലെ പഴന്തോട്ടം എന്ന സ്ഥലത്തിനടുത്തുളള വെമ്പിളളിയാണ് ലക്ഷ്മിയുടെ യഥാർത്ഥ സ്വദേശം. അമ്മ സീമാ അനന്തകൃഷ്ണന്റെയും ഭർത്താവ് വിഷ്‌ണുവിന്റെയും സഹോദരങ്ങളുടെയും പൂർണ പിന്തുണയോടെയാണ് ഇഷ്ടജോലി തിരഞ്ഞെടുത്തതെന്ന് ലക്ഷ്മി കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു. കെജി വിദ്യാർത്ഥിയായ യാദവ് കൃഷ്ണ മകനാണ്. പാസഞ്ചർ ബസും ടാങ്കർ ലോറിയും ലക്ഷ്മിയുടെ കൈകളിൽ ഭദ്രമാണ്. ലക്ഷ്മി വാഹനമോടിക്കുന്ന വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ കാഴ്ചക്കാരേറെയുണ്ട്. അടുത്തിടെ 'അച്ഛനും മകളും ഒരേ റൂട്ടിൽ' എന്ന ക്യാപ്ഷനുളള വീഡിയോ വൈറലായിരുന്നു. ലക്ഷ്മിയും അച്ഛനും ഒരേ റൂട്ടിൽ ടാങ്കർ ലോറി ഓടിക്കുന്നതാണ് വീഡിയോ. ഈ വീഡിയോ ചിത്രീകരിച്ചത് ഭർത്താവ് വിഷ്ണുവായിരുന്നുവെന്നത് ശ്രദ്ധേയമായിരുന്നു.

ആലുവ കോലഞ്ചേരി റൂട്ടിലും എറണാകുളം മൂവാറ്റുപുഴ റൂട്ടിലുമാണ് പ്രധാനമായും പാസഞ്ചർ ബസോടിക്കുന്നത്. എന്നാൽ സ്ഥിരമായി ടാങ്കർ ലോറിയാണ് ലക്ഷ്മി ഓടിക്കുന്നത്. മറയൂരിലെ ഉള്ള ഇന്ത്യൻ ഓയിൽ പമ്പിന്റെ ടാങ്കർലോറിയാണ് ലക്ഷ്മിയുടെ വാഹനം. ഇതുകൂടാതെ ഒഴിവുസമയങ്ങളിൽ എറണാകുളം സിറ്റിയിൽ 16 ടയറുളള കുടിവെള്ള ടാങ്കർ ലോറിയും ഓടിക്കാറുണ്ട്.

കൊവിഡ് ലോക്ക്ഡൗൺ കാലത്താണ് സ്വന്തം മേഖല തിരഞ്ഞെടുത്തതെന്ന് ലക്ഷ്മി പറയുന്നു. ആ സമയങ്ങളിൽ ലക്ഷ്മിയുടെ അമ്മയായിരുന്നു ലോറിയിൽ അച്ഛനെ സഹായിക്കാനായി പോയിരുന്നത്. അമ്മയ്ക്ക് സർക്കാർ ജോലി ലഭിച്ചപ്പോൾ താൻ കൂടെ വരട്ടെയെന്ന് ലക്ഷ്മി അച്ഛനോട് ചോദിക്കുകയായിരുന്നു. ശേഷം അധികം വൈകാതെ തന്നെ 18-ാം വയസിൽ ഹെവി ലൈസൻസും എടുത്തു. പ്ലസ്ടുവിൽ ബയോ മാത്‍സിൽ 87ശതമാനം മാർക്കോടുകൂടി വിജയിച്ച ലക്ഷ്മി പിന്നീട് ചില ഓൺലൈൻ കോഴ്സുകളും ചെയ്തിരുന്നു.

തനിക്കുണ്ടായ നല്ലതും മോശവുമായ അനുഭവങ്ങളും ലക്ഷ്മി പങ്കുവയ്ക്കുകയുണ്ടായി. കൊച്ചിയിലെ ഭാരത് പെട്രോളിയം കോർപറേറ്റഡ് ലിമിറ്റഡിൽ (ബിപിസിഎൽ) ലക്ഷ്മിയും അനന്തകൃഷ്ണനും ഏവിയേഷൻ ടർബൈൻ ഫ്യുവൽ (എടിഎഫ്) എടുക്കാൻ പോയപ്പോൾ തൊഴിലാളി യൂണിയനും നേതാവായ ബി ഹരികുമാറും അനുവദിച്ചില്ലെന്ന് ലക്ഷ്മി പറയുന്നു. അന്ന് വാഹനം വഴിയിൽ തടഞ്ഞ കാര്യവും പങ്കുവച്ചു.

എന്നാൽ താൻ ഓടിക്കുന്ന ടാങ്കർ ലോറിയുടെ ഉടമ രാമചന്ദ്രന്റെയും മറയൂർ ഫ്യുവൽസ് പമ്പുടമ പ്രിയവദനന്റെയും സഹപ്രവർത്തകരുടെയും പിന്തുണയാണ് ലക്ഷ്മിക്ക് എപ്പോഴും കരുത്തായി മാറുന്നത്. ഒരിക്കൽ മറയൂർ പോയി തിരികെ വരുന്ന സമയം കാട്ടാനയായ പടയപ്പ ടാങ്കർലോറിക്കുനേരെ പാഞ്ഞടുത്തു. വാഹനത്തിന് നാശനഷ്ടം വരുത്തി. സാധാരണ വണ്ടി കാണുമ്പോൾ ഒതുങ്ങി പോകുന്ന പടയപ്പ മദപ്പാടിൽ ആക്രമണം നടത്തുകയായിരുന്നു. ആ സംഭവം ധൈര്യത്തോടെ നേരിട്ടതിനെക്കുറിച്ചും ലക്ഷ്മി പങ്കുവച്ചു.

വൈറലാകാനല്ല

ഒരിക്കലും സോഷ്യൽ മീഡിയയിൽ വൈറലാകാനല്ല ഹെവിവെഹിക്കിൾ ഡ്രൈവിംഗ് തിരഞ്ഞെടുത്തതെന്ന് ലക്ഷ്മി പറഞ്ഞു. 'ജീവിതം നന്നായി മുന്നോട്ടുപോകണമെന്നാണ് ആഗ്രഹം. കൊച്ചി മെട്രോയിൽ ഫീഡർ സർവീസ് ബസ് ഓടിക്കാൻ വേണ്ടി അപേക്ഷ നൽകിയിട്ടുണ്ട്. എംഡിയെ നേരിൽ കണ്ടു കാര്യം പറഞ്ഞു. ഇനി അദ്ദേഹം തീരുമാനം എടുക്കണം. ഏതെങ്കിലും സർക്കാർ അല്ലെങ്കിൽ പൊതുമേഖലാ കമ്പനിയിൽ ഹെവി വെഹിക്കിൾ ഡ്രൈവർ ആയി ജോലിക്ക് കയറണം. ഇന്ത്യയിൽ തന്നെ ജോലി ചെയ്യണം എന്നാണ് ആഗ്രഹം. വിദേശത്തു ലഭിച്ചാലും ഡ്രൈവർ ജോലിക്കാണെങ്കിൽ ഞാൻ പോകും'- ലക്ഷ്മി വ്യക്തമാക്കി.

മാറ്റിനിർത്തപ്പെടാറില്ല

സഹപ്രവർത്തകർ അവരിലൊരാളായി മാത്രമേ തന്നെ ഇതുവരെയായിട്ടും കണ്ടിട്ടുള്ളൂവെന്ന് ലക്ഷ്മി പറയുന്നു. ആരിൽ നിന്നും ഇതുവരെ യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. എന്റെ വണ്ടി എവിടെയെങ്കിലും പാർക്ക് ചെയ്താൽ അടുത്ത് വന്നു കാര്യം ചോദിച്ചറിഞ്ഞ് വേണ്ട സഹായം ചെയ്യാൻ യാതൊരുവിധ മടിയും കാണിക്കാറില്ല. പലദിവസവും രാത്രി ടാങ്കർലോറിയുമായി മറയൂർ വരെ പോയി വരാറുണ്ട്. പൊലീസ്, മോട്ടോർ വാഹന ഉദ്യോഗസ്ഥർ എല്ലാവരും നല്ല പിന്തുണയാണ് നൽകുന്നത്. വനിതകൾ ഈ മേഖലയിൽ സുരക്ഷിതരാണ്.

ബസ് പതുക്കെ ഓടിച്ചാൽ സാധാരണ പിറകിലെ വണ്ടിയുടെ ആളുകൾ വന്ന് ബഹളം ഉണ്ടാകാറുണ്ട്. പക്ഷെ ഞാൻ ഓടിക്കുമ്പോൾ അവരൊന്നും പറയാറില്ല. വൈകിയാലും ആളെ എടുത്ത് പോകാനാണ് അവർ പറയാറുള്ളത്. എല്ലാ ബസുടമകളും തൊഴിലാളികളും എനിക്ക് പൂർണ്ണ പിന്തുണ നൽകുന്നു. ജോലി ഇല്ലാതെ ഇരിക്കേണ്ടി വരാറില്ല. നല്ല രീതിയിൽ വണ്ടി കൊണ്ട് നടക്കുന്ന ഏതൊരു ഡ്രൈവർക്കും പണി അന്വേഷിച്ച് നടക്കേണ്ട കാര്യം ഇല്ല. ഞാൻ ഇത് എന്റെ പ്രൊഫഷൻ ആയി സ്വീകരിച്ചിരിക്കുകയാണ്. എനിക്ക് പൂ‌ർണ സ്വാതന്ത്ര്യമുളള ഒരു ജോലിയാണിത്.