ഫുഡ് ഡെലിവറി ആപ്പിലെ ആരും ശ്രദ്ധിക്കാത്ത പഴുത്, രണ്ടുവർഷം അഞ്ചുപൈസ മുടക്കാതെ യുവാവ് കഴിച്ചത് ആയിരത്തിലധികം വിഭവങ്ങൾ

Wednesday 15 October 2025 12:51 PM IST

ടോക്കിയോ: ഭക്ഷണ വിതരണ പ്ളാറ്റ്‌ഫോമിലെ പഴുതുകൾ കണ്ടെത്തി 38കാരൻ അ‌ഞ്ചുപൈസ മുടക്കാതെ കഴിച്ചത് ആയിരക്കണക്കിന് വിഭവങ്ങൾ. ജപ്പാനിലെ നഗോയയിലുള്ള യുവാവാണ് 'ഡെമേ കാൻ' എന്ന ഭക്ഷണ വിതരണ ഫ്ലാറ്റ്‌ഫോമിലെ റീഫണ്ട് പോളിസി ദുരുപയോഗം ചെയ്ത് ആഹാരം സൗജന്യമായി നേടിയെടുത്തത്. 3.7 മില്യൺ യെൻ (21,62,676 ലക്ഷം രൂപ) ആണ് ഇതിലൂടെ പ്ളാറ്റ്‌ഫോമിന് നഷ്ടം നേരിടേണ്ടി വന്നത്.

തകുയ ഹിഗാഷിമോട്ടോ എന്ന യുവാവാണ് രണ്ടുവർഷത്തോളം കമ്പനിയെ കബളിപ്പിച്ചത്. പ്ളാറ്റ്‌‌ഫോമിൽ ആഹാരം ഓർഡർ ചെയ്തതിനുശേഷം അവ ലഭിച്ചാലും അത് കിട്ടിയില്ലെന്ന് കാട്ടി റീഫണ്ടിന് അപേക്ഷിക്കും. ഇത്തരത്തിൽ രണ്ടുവർഷത്തിനിടെ 1095 ഓർഡറുകളിലാണ് ഇയാൾ റീഫണ്ട് നേടിയെടുത്തത്. വർഷങ്ങളായി തൊഴിൽരഹിതനായ ഇയാൾ വളരെ വിലകൂടിയ ആഹാരങ്ങളായിരുന്നു ഓർഡർ ചെയ്തിരുന്നത്. റീഫണ്ടിനായി ആപ്പിലെ ചാറ്റ് ഫീച്ചർ ആണ് ഇയാൾ ഉപയോഗിച്ചിരുന്നത്.

124 ഡെമാ-കാൻ അക്കൗണ്ടുകളാണ് ഇയാൾക്ക് ഉണ്ടായിരുന്നത്. പിടിക്കപ്പെടാതിരിക്കാൻ വ്യാജ വിലാസങ്ങളും വ്യാജ പേരുകളും ഉപയോഗിച്ചു. വ്യാജ അക്കൗണ്ടുകൾക്കായി, തെറ്റായ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് പ്രീപെയ്ഡ് മൊബൈൽ ഫോൺ കാർഡുകൾ വാങ്ങുകയും അവ വേഗത്തിൽ റദ്ദാക്കുകയുമാണ് ചെയ്തിരുന്നത്. ആദ്യം വെറുതെ പരീക്ഷിച്ചതാണെന്നും എന്നാൽ റീഫണ്ടുകൾ കൂടുതൽ ലഭിച്ചതോടെ നിർത്താൻ സാധിച്ചില്ലെന്നുമാണ് യുവാവ് പൊലീസിന് മൊഴി നൽകിയത്.

യുവാവ് പിടിക്കപ്പെട്ടതിന് പിന്നാലെ പ്ളാറ്റ്‌ഫോമിന്റെ ഐഡന്റിറ്റി വെരിഫിക്കേഷൻ നടപടികൾ കൂടുതൽ മികച്ചതാക്കുമെന്ന് ഡെമാ-കാൻ പറഞ്ഞു. അസാധാരണ ഇടപാടുകളിൽ മുന്നറിയിപ്പ് സംവിധാനം നടപ്പിലാക്കുമെന്നും കമ്പനി വ്യക്തമാക്കി.