പാമ്പ് വീട്ടിലെത്തിയാൽ ഓടുകയല്ല വേണ്ടത്; ആദ്യം ചെയ്യേണ്ടത് മറ്റൊരു കാര്യമാണ്

Wednesday 15 October 2025 3:32 PM IST

പത്തനംതിട്ട: പാമ്പുകൾ വീട്ടിലേക്ക് വരുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. ഉഗ്രവിഷമുള്ള അണലിയും മൂർഖനും രാജവെമ്പാലയും അടക്കമുള്ള പാമ്പുകളാണ് പലപ്പോഴും വീടുകളിലേക്ക് എത്തുന്നത്. പാമ്പ് കടിയേറ്റുള്ള മരണങ്ങളും കൂടിക്കൊണ്ടിരിക്കുകയാണ്. വീട്ടിൽ പാമ്പ് വന്നാൽ എന്ത് ചെയ്യണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ റോഷ്നി. വീടിനകത്ത് പാമ്പിനെ കണ്ടാൽ ഓടിപ്പോകരുതെന്നും മാറി നിന്ന് അത് എവിടെയാണ് ഉള്ളതെന്ന് നിരീക്ഷിച്ച ശേഷം പാമ്പുപിടുത്തക്കാരെ വിവരമറിയിക്കണമെന്നും അവർ വ്യക്തമാക്കി.

'ആദ്യം തന്നെ ഓടരുത്. എവിടെയാണ് പാമ്പ് ഉള്ളതെന്ന് നോക്കാനുള്ള മാനസികാവസ്ഥയുണ്ടാകണം. ഞാനൊരു റെസ്‌ക്യൂവിന് പോയിരുന്നു. കുട്ടി വീടിനകത്തുനിന്ന് പഠിച്ചുകൊണ്ടിരുന്നപ്പോൾ ഒരു പാമ്പ് മുറിക്കകത്ത് വരുന്നത് കണ്ടു. പുള്ളിക്കാരി കട്ടിലിൽ ഇരിക്കുകയായിരുന്നു. അപ്പോൾ തന്നെ ഓടി പുറത്തുപോയി ഡോർ അടച്ചു. എന്നെ വിളിച്ചുപറഞ്ഞു. പാമ്പ് അതിനകത്തുതന്നെയുണ്ടോയെന്ന് ചോദിച്ചപ്പോൾ അവർക്ക് ധാരണയില്ല. ജനലുണ്ടോയെന്നൊക്കെ ചോദിച്ചു. എല്ലാം അടച്ചിട്ടിരിക്കുകയാണെന്ന് പറഞ്ഞു. അവിടെ ചെന്ന് മുറി മുഴുവൻ പരിശോധിച്ചിട്ടും പാമ്പിനെ കിട്ടിയില്ല. ജനൽ ചെറുതായി തുറന്നുകിടപ്പുണ്ട്. അതുവഴി വേണമെങ്കിൽ ഇറങ്ങിപ്പോകാം. മുറിക്കകത്തുനിന്ന് തവളയെകിട്ടി. ഇതിന്റെ പിന്നാലെയാണ് പാമ്പ് വന്നത്.

നമുക്കത് അവിടെ കഴിഞ്ഞു. പക്ഷേ അവർക്ക് ഇനി ആ റൂമിൽ ഒരു കാലവും സമാധാനം കിട്ടില്ല. ഒരു വയർ കണ്ടാൽ പാമ്പാണെന്ന് തോന്നും. തറയിൽ കൂടി പോകുന്ന പാമ്പ് കട്ടിലിൽ കയറി ഉപദ്രവിക്കാൻ പോകുന്നില്ല. ഇതെങ്ങോട്ട് പോകുന്നു എന്ന് ജസ്റ്റ് ഒന്ന് നോക്കിയാൽ മതി. ശേഷം സർപ്പയുടെ ആപ്ലിക്കേഷനിൽ നിന്ന് നമ്പരെടുത്ത് പാമ്പ് പിടിക്കാൻ ആളെ വിളിക്കാം. മഹാദേവനെ വിളിച്ചിട്ടേ റെസ്‌ക്യൂവിന് പോകാറുള്ളൂ.'- റോഷ്നി പറഞ്ഞു.