ഉപേക്ഷിച്ച് പോയ  കാമുകിയെ   മൂന്ന്  വർഷത്തിനു ശേഷം  മെട്രോയിൽ വച്ച്  കണ്ടപ്പോൾ! മനസ്  തകർന്ന് യുവാവിന്റെ കുറിപ്പ്  

Wednesday 15 October 2025 3:32 PM IST

ന്യൂഡൽഹി: അപ്രതീക്ഷിതമായി മുൻ കാമുകനെയോ കാമുകിയെയോ കണ്ടുമുട്ടുന്നത് പ്രത്യേക അനുഭവം തന്നെയാണ്. അവ‌‌‌ർക്കൊപ്പമുള്ള പഴയ ഓർമ്മകളും ഒരുതരം അസ്വസ്ഥതയും ഒടുവിൽ മറന്നുവെന്ന് കരുതിയ വേദനയും മനസിൽ ഒരുമിച്ചായിരിക്കും ഇരച്ചെത്തുക. അത്തരമൊരു അനുഭവമാണ് ഡൽഹി മെട്രോയിൽ വച്ച് ഒരു യുവാവ് നേരിട്ടത്. മൂന്ന് വർഷത്തിന് ശേഷം തന്റെ മുൻ കാമുകിയെ യുവാവ് അവിചാരിതമായി മെട്രോയിൽ വച്ച് കാണാനിടയായതാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട തന്റെ അനുഭവം സോഷ്യൽ മീഡിയയിലൂടെ യുവാവ് പങ്കുവയ്ക്കുകയും ചെയ്തു. പഴയ കാര്യങ്ങളൊന്നും മനസിൽ നിന്ന് പോയിട്ടില്ലെന്ന യുവാവിന്റെ തുറന്നുപറച്ചിൽ പലരുടെയും മനസിൽ തട്ടി.

മൂന്ന് വർഷത്തിനു ശേഷം മെട്രോയിൽ വച്ച് എന്റെ എക്സിനെ കണ്ടതോടെ എന്നെയത് വല്ലാതെ കുഴപ്പത്തിലാക്കിയെന്ന തലക്കെട്ടോടെയാണ് യുവാവ് തന്റെ അനുഭവം പങ്കുവെച്ചത്. 'ഗുരുഗ്രാമിൽ നിന്ന് ജോലി കഴിഞ്ഞ് ഗ്രീൻ പാർക്കിലേക്ക് മെട്രോയിൽ മടങ്ങുകയായിരുന്നു ഞാൻ. ട്രെയിൻ രാജി ചൗക്ക് സ്റ്റോപ്പിൽ നിർത്തി. ആളുകൾ ഇരച്ചു കയറി. അപ്പോഴാണ് ഞാൻ അവളെ കണ്ടത്. എന്റെ എക്സ്. 2022ന് ശേഷം ഞാൻ അവളെ കണ്ടിട്ടേയില്ല.' യുവാവ് റെഡ്ഡിറ്റിൽ കുറിച്ചു.

'ആദ്യം ഞാൻ കണ്ടില്ലെന്ന് നടിച്ചു, എന്നാൽ എന്നെ അവൾ കണ്ടിരുന്നു. എന്നെ കണ്ട പാടെ ചെറുതായി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു, 'ഹേയ്, കുറെ ആയല്ലോ കണ്ടിട്ട്.' ഞങ്ങൾ ജോലിയെക്കുറിച്ചും മറ്റുചില കാര്യങ്ങളെക്കുറിച്ചുമൊക്കെ കുറച്ചു മിനിട്ടുകൾ സംസാരിച്ചു. പക്ഷെ എന്താണെന്ന് അറിയില്ല, ആ സംസാരത്തിനിടയിലെ നിശബ്ദത ഭയങ്കര ഭാരമുള്ളതായിരുന്നു.

കണ്ടതിൽ സന്തോഷമെന്ന് പറഞ്ഞ് അവൾ തനിക്കിറങ്ങാനുള്ള സ്റ്റേഷനിൽ ഇറങ്ങി. തിരിച്ച് ഞാനും വിണ്ഢിയെപ്പോലെ കണ്ടതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞു. എനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് പോലും മറന്ന് ഞാൻ അവിടെ നിന്ന് പഴയ കാര്യങ്ങളെക്കുറിച്ച് ആലോചിച്ചു. ഞാൻ അവളെ മറന്നുവെന്ന് കരുതിയതാണ് എന്നാൽ അങ്ങനെയല്ല.'- യുവാവ് കൂട്ടിച്ചേർത്തു.

ഒക്ടോബർ 10ന് യുവാവ് റെഡ്ഡിറ്റിൽ പങ്കുവ ച്ച ഈ കുറിപ്പിന് 1,700ലധികം ലൈക്കുകളും നൂറുകണക്കിന് കമന്റുകളുമാണ് ലഭിച്ചത്. തമാശകളും ഉപദേശങ്ങളും നിറഞ്ഞതായിരുന്നു പ്രതികരണങ്ങൾ. 'ബ്രോ ഇതൊരു സൂചനയാണ്' ഒരാൾ തമാശയായി കുറിച്ചു. 'സാരമില്ല സഹോദരാ ലൈഫിൽ ഇതൊക്കെ സാധാരണയാണ്. അവളുടെ ജീവിതത്തിലേക്ക് മറ്റൊരാൾ വരും,' മറ്റൊരാൾ ആശ്വസിപ്പിച്ചു. 'ഇതുപോലെ ഒന്ന് സംഭവിക്കാൻ ഞാനും ആഗ്രഹിക്കുന്നുണ്ട്. അതേസമയം ആഗ്രഹിക്കാതിരിക്കുകയും ചെയ്യുന്നുണ്ട്,' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.