കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ പെൺകുട്ടി; ആശുപത്രിയിലേക്ക് കൊണ്ടുപോകവെ അപകടത്തിൽ മരണം
കാസർകോട്: കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കാർ മറിഞ്ഞ് അപകടം. കാസർകോട് കുറ്റിക്കോൽ ബേത്തൂർപാറയിലാണ് അപകടം നടന്നത്. അപകടത്തിന് പിന്നാലെ പരിക്കേറ്റവരെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ബേത്തൂർപാറ തച്ചാർകുണ്ട് വീട്ടിൽ പരേതനായ ബാബുവിന്റെ മകൾ മഹിമയാണ് (20) മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയാടെയാണ് മഹിമയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ വനജയും സഹോദരൻ മഹേഷും ചേർന്ന് മഹിമയെ ആശുപത്രിലേക്ക് കൊണ്ടുപോകുന്നതിനിടെ കാർ പടിമരുതിൽ അപകടത്തിൽപ്പെടുകയായിരുന്നു.
കാസർകോട്ടെ നുള്ളിപ്പാടിയിൽ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്നു മഹിമ. വനജയും മഹേഷും ആശുപത്രിയിൽ ചികിത്സയിലാണ്. തൂങ്ങിയതാണോ കാർ അപകടമാണോ മഹിമയുടെ മരണകാരണം എന്ന് വ്യക്തമല്ല. മഹിമയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ജീവനുണ്ടായിരുന്നുവെന്നാണ് വിവരം.