വടംവലി വിട്ട് ഹാമറെടുത്ത സെബാസ്റ്റ്യന് കന്നി സ്വർണം

Thursday 16 October 2025 12:20 AM IST
ജൂനിയർ ബോയ്സ് ഹാമർ ത്രോയിൽ സ്വർണ്ണം നേടിയ കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂളിലെ സെബാസ്റ്റ്യൻ ജോമോൻ

കോതമംഗലം: വടംവലിയിൽ ജില്ലാ ടീമിൽ നിന്ന് താത്കാലികമായി മാറിനിന്ന് ഹാമർ ത്രോയിൽ പോരടിക്കാൻ ഇറങ്ങിയ സെബാസ്റ്റ്യൻ ജോമോന് സ്വർണം. സബ് ജൂനിയർ ആൺകുട്ടിയുടെ വിഭാഗത്തിലാണ് കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻ എച്ച്.എസിലെ പത്താം ക്ലാസുകാരൻ കന്നി സ്വർണം നേടിയത്. 32.78 മീറ്റർ മറികടന്നായിരുന്നു നേട്ടം. പോയവർഷം സംസ്ഥാന വടംവലി മത്സരത്തിൽ സ്വർണം നേടിയ എറണാകുളം സീനിയർ ടീമിലെ അംഗമായിരുന്നു. സീനിയർ വിഭാഗം മത്സരിച്ചതിനാൽ അന്ന് ഹാമറിലും ഇതേ വിഭാഗത്തിൽ ഇറങ്ങേണ്ടി വന്നു. അന്ന് ഒമ്പതാം ക്ലാസിലായിരുന്ന സെബാസ്റ്റ്യന് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. വീണ്ടും അതേ അവസ്ഥ വരാതിരിക്കാനാണ് വടംവലി ഒഴിവാക്കിയത്. എട്ടിൽ പഠിക്കെയാണ് വടം വലിയിലേക്ക് തിരിഞ്ഞത്. സ്കൂളിലെ കായികാദ്ധ്യാപകനാണ് ഹാമറിലേക്ക് അടുപ്പിച്ചത്. കാഞ്ഞൂർ സഹകരണ ബാങ്ക് ജീവനക്കാരനായ ജോമോനും ഡെയ്സിയുമാണ് മാതാപിതാക്കൾ.