പൊന്നും വെള്ളിയും നേടി ദേശീയ താരം

Thursday 16 October 2025 1:30 AM IST
എം.ഡി. ലക്ഷ്മി

കൊച്ചി: ജാവ്‌ലിനിലും ഡിസ്കസിലും സ്വർണവും വെള്ളിയും എറിഞ്ഞിട്ട് സെപക് താക്കറോ ദേശീയ മെഡൽ ജേതാവ്. ജൂനിയർ ഗേൾസ് വിഭാഗത്തിലാണ് എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം. എച്ച് എസിന്റെ മിന്നും താരമായ എം.ഡി. ലക്ഷ്മി തിളങ്ങിയത്. 25.31 ദൂരത്തേയ്ക്ക് ജാവ്‌ലിൻ തൊടുത്താണ് സ്വർണം നേടിയത്. ഡിസ്കസിൽ സ്വർണ ദൂരം മറികടക്കാനായില്ല. 22.45 മീറ്റർ. വെള്ളിയിലും ലക്ഷ്മി ഹാപ്പിയാണ്. വോളിബാളിലൂടെയാണ് കായിക രംഗത്തേക്ക് വരുന്നത്. പിന്നീട് സെപക് താക്കറോയിലേക്ക് മാറി. അണ്ടർ 14 വിഭാഗത്തിൽ കാസർകോട് നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ കേരള ടീം അംഗമായിരുന്നു. രണ്ട് വർഷം മുമ്പാണ് ത്രോ ഇനങ്ങളും ചെയ്യാൻ തുടങ്ങിയത്. കായികാദ്ധ്യാപകൻ ജോസഫ് ആൻഡ്രൂസാണ് കഴിവ് തിരിച്ചറിഞ്ഞത്. കിഡ്സ് ജാവ്‌ലിൻ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട്. ബിലോയിയും അനിതയുമാണ് മാതാപിതാക്കൾ.