വള്ളസദ്യയിലെ ആചാരലംഘനം; 'ദേവന്  നേദിക്കുന്നതിന്  മുൻപ് മന്ത്രി സദ്യ കഴിച്ചത് ഗ്യാസിന്റെ പ്രശ്‌നമുള്ളതിനാൽ'

Wednesday 15 October 2025 4:48 PM IST

കൽപ്പറ്റ: ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിലെ ആചാരലംഘനത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. വള്ളസദ്യ ദേവന് നേദിക്കുന്നതിന് മുമ്പ് മന്ത്രി വി എൻ വാസവന് നൽകിയത് ആചാരലംഘനമാണെന്ന് കാണിച്ച് ദേവസ്വം ബോർഡിന് തന്ത്രി കത്തയച്ച സാഹചര്യത്തിലാണ് പ്രതികരണം. ഗ്യാസിന്റെ പ്രശ്‌നം ഉള്ളതുകൊണ്ടാണ് ദേവന് നേദിക്കുന്നതിന് മുൻപ് വാസവൻ സദ്യ കഴിച്ചതെന്ന് കെ മുരളീധരൻ പരിഹസിച്ചു.

'ദൈവങ്ങൾക്കുപോലും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. ശബരിമലയിലെ കിണ്ടിയും വിളക്കും വിറ്റതുകൊണ്ടാണ് വാസു കിണ്ടി വാസു ആയത്. പിണറായി വിജയന് അടുത്ത കാലത്തായി ചിത്തഭ്രമമാണ്. കൂടെയുള്ളവർക്കും ചിത്തഭ്രമമായി. എല്ലാവരും ശരണം വിളിക്കുമ്പോൾ പിണറായി വിജയൻ അയ്യപ്പസംഗമത്തിൽ വിളിച്ചത് സ്വാമിയേ ഭരണം അയ്യപ്പാ എന്നാണ്. പത്ത് വോട്ടിനുവേണ്ടി വിശ്വാസികളുടെ വിശ്വാസത്തെവരെ കച്ചവടമാക്കി'- കെ മുരളീധരൻ വിമർശിച്ചു.

ഞായറാഴ്ചയാണ് വള്ളസദ്യയിലെ ആചാര ലംഘനവുമായി ബന്ധപ്പെട്ട് തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദേവസ്വം ബോർഡിന് കത്തയച്ചത്. ആചാരലംഘനം നടന്നതിനാൽ പരസ്യ പരിഹാരക്രിയ വേണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. വള്ളസദ്യയുടെ നടത്തിപ്പ് ചുമതലക്കാരായ പള്ളിയോട സേവാസംഘത്തിന്റെ എല്ലാ പ്രതിനിധികളും ക്ഷേത്ര ഉപദേശസമിതി അംഗങ്ങളും ഭരണസമിതി അംഗങ്ങളും പരസ്യമായി ദേവന് മുന്നിൽ ഉരുളിവച്ച് എണ്ണപ്പണം സമർപ്പിക്കണമെന്നും പതിനൊന്ന് പറ അരിയുടെ സദ്യയുണ്ടാക്കണമെന്നും കത്തിലുണ്ട്. ദേവന് സമർപ്പിച്ച ശേഷം സദ്യ എല്ലാവർക്കും വിളമ്പണമെന്നും തന്ത്രി നിർദേശിച്ചു. അതോടൊപ്പം തന്നെ ഇത്തരത്തിലൊരു അബദ്ധം ആവർത്തിക്കില്ലെന്ന് സത്യം ചെയ്യണമെന്നും കത്തിൽ പറയുന്നു.