അഭ്യൂഹങ്ങൾക്ക് വിരാമം; കൊഹ്‌ലി ആർസിബിയുടെ ആ കരാർ ഒപ്പിടാതിരുന്നതിന്റെ കാരണം ഇതാണ്
ബംഗളൂരു: ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിൽ നിന്ന് വിരാട് കൊഹ്‌ലി പുറത്തുപോകാൻ ഒരുങ്ങുന്നു എന്ന ശക്തമായ അഭ്യൂഹങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ടീമുമായി ബന്ധപ്പെട്ട പുതിയ വാണിജ്യ കരാറിൽ ഒപ്പിടാൻ കൊഹ്‌ലി തയ്യാറായില്ല എന്ന വാർത്തകളാണ് ഇത്തരം ചർച്ചകൾക്ക് തുടക്കമിട്ടത്. എങ്കിലും അഭ്യൂഹങ്ങൾക്ക് അടിസ്ഥാനമില്ലെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ടെസ്റ്റ്, ട്വന്റി 20 ഫോർമാറ്റുകളിൽ നിന്ന് വിരമിക്കുകയും ഏകദിന ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കൊഹ്‌ലിയുടെ കരിയറിനെക്കുറിച്ചുള്ള ഓരോ വാർത്തയും ആരാധകർ ആകാംക്ഷയോടെയാണ് ശ്രദ്ധിക്കുന്നത്.
വാണിജ്യ കരാറുമായി ബന്ധപ്പെട്ട പ്രശ്‌നം നിലനിൽക്കുന്നുണ്ടെങ്കിലും ആർസിബി താരമെന്ന നിലയിൽ കൊഹ്‌ലിയുടെ ഐപിഎൽ കരിയറിനെ ഇത് ഒരു തരത്തിലും ബാധിക്കുന്നില്ലെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 2008ലെ ഐപിഎൽ ആദ്യ സീസൺ മുതൽ താരം ആർസിബിയുടെ അവിഭാജ്യ ഘടകമാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ 2025ലാണ് അദ്ദേഹത്തിന് ടീമിനൊപ്പം ഐപിഎൽ കിരീടം നേടാൻ സാധിച്ചത്.
കൊഹ്‌ലി ആർസിബി വിടില്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫും അഭിപ്രായപ്പെട്ടിരുന്നു. 'വിരാട് കൊഹ്‌ലി ഐപിഎല്ലിൽ നിന്ന് വിരമിക്കില്ല. അദ്ദേഹം ബംഗളൂരുവിന് വേണ്ടി മാത്രമേ കളിക്കൂ എന്ന് വാക്ക് നൽകിയിട്ടുണ്ട്. ആ വാക്ക് അദ്ദേഹം തെറ്റിക്കില്ല. എന്നാൽ വാണിജ്യ കരാർ ഒപ്പിട്ടിട്ടില്ലെന്ന് ആളുകൾ പറയുന്നു. ഇവിടെ രണ്ട് തരത്തിലുള്ള കരാറുകളുണ്ട്. ഫ്രാഞ്ചൈസി കരാറും, വാണിജ്യ കരാറും. വാണിജ്യ കരാറിൽ ഒപ്പിടാത്തതിന് കാരണം ആർസിബിക്ക് പുതിയ ഒരു ഉടമ വന്നേക്കാം എന്നതു കൊണ്ടാണ്. പുതിയ ഉടമകൾ വന്നാൽ അവർ ഫ്രാഞ്ചൈസിയെ നിയന്ത്രിക്കും. അത്തരമൊരു മാറ്റം വന്നാൽ പുതിയ ചർച്ചകളും വിലപേശലുകളും വേണ്ടിവരും. അതുകൊണ്ടാണ് അദ്ദേഹം കാത്തിരിക്കുന്നത്.
'വിരാട് കൊഹ്‌ലി ഇപ്പോൾ കളിച്ച് തുടങ്ങിയിട്ടേ ഉള്ളൂ. ആർസിബി നിലവിൽ ട്രോഫികൾ നേടാൻ തുടങ്ങിയിട്ടേ ഉള്ളൂ. 650ലധികം റൺസ് നേടി കൊഹ്‌ലി അവർക്ക് കിരീടം നേടിക്കൊടുത്തു. 2024 ട്വന്റി 20 ലോകകപ്പ് ഫൈനലിലും, 2023 ഏകദിന ലോകകപ്പിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. ഇനിയും കൂടുതൽ കാത്തിരിക്കേണ്ടതുണ്ട്. അദ്ദേഹം എങ്ങോട്ടും പോകുന്നില്ല. ആർസിബിക്ക് വേണ്ടി മാത്രമേ അദ്ദേഹം കളിക്കൂ. ആരാധകർക്ക് നൽകിയ വാക്ക് അദ്ദേഹം തെറ്റിക്കില്ല'. -മുഹമ്മദ് കൈഫ് കൂട്ടിച്ചേർത്തു.