'കിരീട'മംഗലം
കോതമംഗലം: അട്ടിമറി ഒന്നും നടന്നില്ല, എറണാകുളം റവന്യൂ ജില്ലാ കായികകിരീടം വീണ്ടും ഹൃദയത്തോട് ചേർത്ത് കോതമംഗലം ഉപജില്ല. സ്വർണ കിരീടത്തിൽ തുടർച്ചയായി 22-ാം ചുംബനം. 35 സ്വർണവും 26വെള്ളിയും 13 വെങ്കലവുമായി 267 പോയിന്റ് നേടിയാണ് ചാമ്പ്യൻ സ്ഥാനം നിലനിറുത്തിയത്.
സ്കൂളുകളിൽ ചാമ്പ്യൻപട്ടം നേരത്തെ ഉറപ്പിച്ച മാർ ബേസിൽ എച്ച്. എസ്.എസിന്റെ കരുത്തിലാണ് കിഴക്കൻ ഉപജില്ല തിളങ്ങിയത്. എന്നാൽ മുൻവർഷത്തെ മികവ് പുറത്തെടുക്കാൻ കോതമംഗലത്തിന് കഴിഞ്ഞില്ല. പോയ വർഷം 368 പോയിന്റുമായാണ് കോതമംഗലം കിരീടം നേടിയത്.
അങ്കമാലി ഉപജില്ലയാണ് റണ്ണറപ്പ്. 217 പോയിന്റുണ്ട്. 26 സ്വർണം, 10 വെള്ളി, 26 വെങ്കലം എന്നിങ്ങനെയാണ് രണ്ടാം സ്ഥാനക്കാരുടെ മെഡലുകൾ. മൂക്കന്നൂർ എസ്.എച്ച് ഓർഫനേജ് സ്കൂളിന്റെ മികവിലാണ് അങ്കമാലിയുടെ കുതിപ്പ്. പോയവർഷത്തെ അപേക്ഷിച്ച് 55 പോയിന്റ് അധികം നേടി. മൂന്നാം സ്ഥാനം പെരുമ്പാവൂർ നിലനിറുത്തി. 7വീതം സ്വർണവും വെള്ളിയും 11 വെങ്കലവുമടക്കം 75 പോയിന്റ്. 65 പോയിന്റ് നേടി വൈപ്പിൻ നാലാമതെത്തി. 4 സ്വർണം, 9 വെള്ളി, 7 വെങ്കലം. ആന്റണി ജോൺ എം.എൽ.എ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.
കുതിപ്പും കിതപ്പും
26 സ്വർണവും 20 വെള്ളിയും 21 വെങ്കലവുമടക്കം 209 പോയിന്റോടെ ചാമ്പ്യൻപട്ടം ഉയർത്തിയ മാർ ബേസിൽ എച്ച്.എസ്.എസിന് ഇത് കുതിപ്പിന്റെ മേളയാണ്. പോയ വർഷം185 പോയിന്റിൽ ഒതുങ്ങിയിരുന്നു. കോതമംഗലം ഉപജില്ല പോയിന്റിൽ പിന്നാക്കം പോയെങ്കിലും 24 പോയിന്റ് ഉയർത്താൻ മാർ ബേസിലിനായി. സ്പോർട്സ് ഹോസ്റ്റലുകളെ പോയിന്റ് പട്ടികയിൽ ഉൾപ്പെടുത്തിയതോടെ തുടർച്ചയായി റണ്ണറപ്പായിരുന്ന കീരമ്പാറ സെന്റ് സ്റ്റീഫൻസിന് രണ്ടാം സ്ഥാനം നഷ്ടമായി. 70 പോയിന്റുണ്ടായിരുന്ന കീരമ്പാറ ഇതോടെ 41 പോയിന്റിലേക്ക് താഴ്ന്ന് നാലാം സ്ഥാനത്തേയ്ക്ക് വീണു. രണ്ടാം സ്ഥാനം മൂക്കന്നൂർ എസ്.എച്ച് ഓർഫനേജ് സ്കൂൾ പിടിച്ചെടുത്തു. 5 സ്വർണം, 6 വെള്ളി, 9 വെങ്കലമടക്കം 52 പോയിന്റ്. 7 സ്വർണം, 3 വെള്ളി, 4 വെങ്കലമടക്കം 48 പോയിന്റ് നേടിയ പെരുമ്പാവൂർ വെസ്റ്റ് വെങ്ങോല ശാലോം എച്ച്.എസിനാണ് മൂന്നാം സ്ഥാനം.
ഒന്നേ ഒന്നു മാത്രം
അഞ്ച് ദിവസങ്ങളിലായി നടന്ന മേളയിൽ പിറന്നത് ഒരേയൊരു റെക്കാഡ്. സബ് ജൂനിയർ 200 മീറ്ററിൽ എഡിസൺ മനോജാണ് പുതിയസമയം കുറിച്ചത്. ഇതൊഴികെ റെക്കാഡ് പ്രകടനങ്ങൾ ഒന്നുമുണ്ടായില്ല. ചിലയിനങ്ങളിൽ പങ്കെടുക്കാൻ ടീമുകളും മത്സരാർത്ഥികളുമുണ്ടായില്ല.