ഉരുൾ ദുരന്തബാധിത ജസീല ചോദിക്കുന്നു 'പ്രധാനമന്ത്രിക്കെന്താണ് ഇത്രയും ദേഷ്യം?'
മേപ്പാടി: 'ഉരുൾ ദുരന്തരായ ഞങ്ങളോടെന്താണ് പ്രധാനമന്ത്രിക്ക് ഇത്രമാത്രം ദേഷ്യം?.അതിന് മാത്രം ഞങ്ങളെന്ത് ചെയ്തു.എല്ലാം നഷ്ടപ്പെട്ടവരല്ലേ ഞങ്ങൾ.ആശുപത്രിയിൽ വന്ന് നൈസമോളെ താലോലിച്ചപ്പോൾ മനസ് കൊണ്ട് സന്തോഷിച്ചു.ഞങ്ങൾക്കൊപ്പം പ്രധാനമന്ത്രി ഉണ്ടെന്ന്. മുഖ്യമന്ത്രി പോലും കഴിഞ്ഞദിവസം സഹായം അഭ്യർത്ഥിച്ച് ഡൽഹിയിൽ പോയി കണ്ടില്ലേ.എന്നിട്ടും....ഞങ്ങൾ എവിടെയെങ്കിലും പോകുമ്പോൾ ചുമരിൽ പ്രധാനമന്ത്രിയുടെ പടം കാണുമ്പോൾ നൈസമോൾ സന്തോഷം കൊണ്ട് തുളളിച്ചാടി പറയും- 'ഉമ്മാ അതാ മോദി പാപ്പാ' എന്ന്. അവൾ ഇതെന്തെങ്കിലും അറിയുന്നുണ്ടോ?. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട ഞങ്ങൾ ഉൾപ്പെടെയുള്ളവർ ധനസഹായത്തിനായി യാചകരെപ്പോലെ കൈനീട്ടുന്ന കാര്യം....''
മുണ്ടക്കൈ ചൂരൽമല ഉരുൾദുരന്തത്തിൽ ഭർത്താവ് ഷാജഹാൻ,മക്കളായ ഹീന,ഫൈസ,ഭർത്താവിന്റെ മാതാപിതാക്കൾ എന്നിവർ നഷ്ടപ്പെട്ട ജസീല പറഞ്ഞു.
''ആരോടും ഒന്നും ചോദിച്ചിട്ട് ശീലമില്ലായിരുന്നു ഞങ്ങൾക്ക്. ഉരുൾ ദുരന്തത്തിന് ശേഷം ഞങ്ങളും യാചകരെപ്പോലെയായി. എന്തിനും ഏതിനും കൈനീട്ടണം.ആദ്യമൊക്കെ നാണക്കേട് പോലെ തോന്നി. കുടുംബനാഥൻ പോയാൽ പിന്നെ ഞങ്ങൾ എന്തുചെയ്യും? അദ്ധ്വാനിച്ച് കൊണ്ടുവരുന്നത് അവരല്ലേ. ഉരുൾ ദുരിതബാധിതരുടെ ദേശസാത്കൃത ബാങ്കുകളിലെ കടങ്ങൾ എഴുതി തളളണം. എന്റെ എല്ലാവരും പോയി. അവശേഷിക്കുന്ന ആ സ്വർണമെങ്കിലും ഗ്രാമീണ ബാങ്കിൽ നിന്ന് കിട്ടിയിരുന്നെങ്കിൽ..രണ്ടാമത്തെ മകൾ ഫൈസയുടെ മാലയും എന്റെ കൈ ചെയിനുമാണ് ബാങ്കിൽ പണയത്തിലുളളത്.ഫൈസയുടെ ശരീരത്തിൽ ഉണ്ടായിരുന്ന ഒരു ആഭരണം ഇതേവരെ തന്നില്ല. മൃതശരീരം കണ്ടെത്തിയപ്പോൾ അധികൃതരുടെ പക്കലാണതുളളത്. ഞങ്ങളുടെ സ്ഥിതി ബാങ്ക് മാനേജർക്ക് അറിയാവുന്നത് കൊണ്ടായിരിക്കും നാേട്ടീസ് അയക്കാത്തത്. അയച്ചാലും എങ്ങനെ പണം അടക്കും.അവസാനമായി കണ്ട് കൊണ്ടിരിക്കാനെങ്കിലും അത് തിരിച്ച് കിട്ടണം. പ്രധാനമന്ത്രി കനിയണം. ഞങ്ങളെപ്പോലെ കടമുളള എല്ലാവരോടും..''.ജസീല പറഞ്ഞു.
നഷ്ടം 1202.12 കോടി രൂപ
ഉരുൾ പൊട്ടലിൽ 1202.12 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. അടിയന്തര സഹായം ആവശ്യപ്പെട്ട് 2024 ആഗസ്റ്റിൽ തന്നെ നിവേദനം നൽകി. ഒരു രൂപ പോലും അനുവദിച്ചില്ല. തുടർന്ന് പി.ഡി.എൻ.എ പ്രകാരമുളള നിവേദനം നൽകി. ദുരന്തം എൽ 3 വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ഐക്യരാഷ്ട്ര സഭയുടെതുൾപ്പെടെ ലഭിക്കുമായിരുന്നു.രാജ്യത്തെ മുഴുവൻ എം.പിമാർക്കും സഹായിക്കുവാനും പറ്റുമായിരുന്നു. ഇപ്പോൾ ഒന്നുമില്ല.