ഭിന്നശേഷി നിയമനം: സർക്കാർ നിബന്ധനകൾക്കെതിരെ മാനേജ്മെന്റുകളുടെ അപ്പീൽ

Thursday 16 October 2025 1:31 AM IST

കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ച നിബന്ധനകൾക്കെതിരെ സ്കൂൾ മാനേജ്മെന്റുകൾ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. കേരള പ്രൈവറ്റ് സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷനടക്കമുള്ളവരുടെ ഹർജി സിംഗിൾ ബെഞ്ച് തള്ളിയതിനെതുടർന്നാണിത്. വിഷയം പരിഗണിച്ച ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച്, വാദത്തിനായി 22ലേക്ക് മാറ്റി. 2018 നവംബർ 18നും 2021 നവംബർ എട്ടിനുമിടയിൽ നടന്ന നിയമനങ്ങൾക്ക് നിബന്ധനയോടെ അംഗീകാരം നൽകാൻ നേരത്തേ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ സ്‌കൂളിലെ ആദ്യ ഒഴിവ് ബാക്‌ലോഗ് കണക്കാക്കി ഭിന്നശേഷിക്കാർക്കായി നീക്കിവയ്‌ക്കണമെന്നതടക്കമുള്ള നിർദ്ദേശമാണ് സർക്കാർ പുറപ്പെടുവിച്ചത്. ഇത് റദ്ദാക്കണമെന്നാണ് ആവശ്യം.സ്‌കൂളുകളിൽ ഹയർസെക്കൻഡറി, ഹൈസ്‌കൂൾ തുടങ്ങി വിവിധ വിഭാഗങ്ങളെ ഒറ്റ യൂണിറ്റാക്കി കണക്കാക്കി ഒഴിവുകൾ നിശ്ചയിക്കാൻ നിർദ്ദേശിക്കുക, പ്രൈമറി സ്‌കൂളുകളിൽ ഉത്തരവ് ബാധകമാക്കരുത് തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. ഈ ആവശ്യങ്ങൾ സിംഗിൾ ബെഞ്ച് അംഗീകരിച്ചിരുന്നില്ല. ചില മാനേജ്‌മെന്റുകൾക്ക് നിയമന അംഗീകാരം സംബന്ധിച്ച് ഇളവുകൾ അനുവദിച്ച് കോടതി ഉത്തരവ് നൽകിയിട്ടുള്ളതും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ സ്‌കൂളുകളിലെ എല്ലാ ഒഴിവുകളിലേയും നിയമനം അംഗീകരിക്കാൻ ഉത്തരവിടണമെന്നാണ് ഹർജിയിലെ ആവശ്യം.