വ്യവസായ വികസനത്തിന് പുതിയ നയം:മന്ത്രി രാജീവ്, വിഴിഞ്ഞത്തിന് മുൻതൂക്കം നൽകി ലോജിസ്റ്റിക് നയം

Thursday 16 October 2025 1:48 AM IST

#പരിസ്ഥിതിക്ക് പ്രാമുഖ്യം

നൽകി സംരംഭങ്ങൾ

#കയറ്റുമതിയിൽ വൻകുതിപ്പ്

ലക്ഷ്യമിട്ട് പദ്ധതികൾ

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാവസായിക മുന്നേറ്രം കൂടുതൽ കരുത്തുറ്റതാക്കുന്ന മൂന്ന് നയങ്ങൾ മന്ത്രി പി. രാജീവ് പ്രഖ്യാപിച്ചു. 2023-ൽ അംഗീകരിച്ച വ്യവസായ നയത്തിന്റെ തുടർച്ചയായി വ്യത്യസ്ത മേഖലകളെ ഉൾക്കൊള്ളുന്ന ഉപമേഖലാ നയങ്ങളും ചട്ടക്കൂടുമാണിത്.

കയറ്റുമതി പ്രോത്സാഹന നയം, ലോജിസ്റ്റിക് നയം, ഇ.എസ്.ജി (എൻവയോൺമെന്റ്, സോഷ്യൽ ആൻഡ് ഗവേണൻസ്) നയം, കേരള ഹൈടെക് വ്യവസായ ചട്ടക്കൂട് എന്നിവയാണ് ഇതിലുൾപ്പെടുക.

രാജ്യത്ത് ആദ്യമായി ഇ.എസ്.ജി പരിസ്ഥിതിക്ക് ഇണങ്ങുന്നതും സമൂഹത്തെ പരിഗണിക്കുന്നതും സുതാര്യമായ ഭരണനിർവഹണം ഉറപ്പാക്കുന്നതുമായ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇ.എസ്.ജി നയം പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം.

സംരംഭങ്ങൾക്ക് നികുതി– വായ്പാ ഇളവ്, സബ്സിഡി, സ്റ്റാർട്ടപ് ഇൻകുബേഷൻ, ഡി.പി.ആർ പിന്തുണ എന്നിവ ഉറപ്പാക്കും.

അഞ്ചുവർഷംകൊണ്ട് മൂലധന നിക്ഷേപത്തിന്റെ 100 ശതമാനം തിരിച്ചുപിടിക്കാൻ സംരംഭകർക്ക് കഴിയും. 2040ൽ പൂർണ പുനരുപയോഗ ഊർജ ഉപയോഗവും 2050ൽ കാർബൻ ന്യൂട്രാലിറ്റിയുമാണ് ലക്ഷ്യമിടുന്നത്. സോളാർ പാർക്കുകൾ, ഫ്‌ളോട്ടിങ് സോളാർ, കാറ്റാടിപ്പാടങ്ങൾ, ജലവൈദ്യുത നിലയങ്ങൾ, ബയോമാസ് പദ്ധതികൾ എന്നിവയിലും നിക്ഷേപം നടത്താം

20 ബില്യൺ ഡോളർ കയറ്റുമതി

കയറ്രുമതി വർദ്ധിപ്പിക്കാനും കേരളത്തിന്റെ വ്യവസായങ്ങളെ ആഗോളതലത്തിലേക്ക് വളർത്താനും ഉതകുന്നതാണ് കയറ്റുമതി പ്രോത്സാഹന നയം. 2027–28ഓടെ കയറ്റുമതി 2000 കോടി യു. എസ് ഡോളറിലെത്തിക്കും. വൈവിദ്ധ്യവത്കരണം, കയറ്റുമതി അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം, നൈപുണ്യ വികസനം, വിപണി ഇന്റലിജൻസ്, 'മെയ്ഡ് ഇൻ കേരള' ബ്രാൻഡ് എന്നിവയിലാണ് ഊന്നൽ. ഇതിനായി സംസ്ഥാന, ജില്ലാ കയറ്റുമതി പ്രമോഷൻ കമ്മിറ്റികൾ, സംസ്ഥാന കയറ്റുമതി ഫെസിലിറ്റേഷൻ ഡെസ്‌ക് എന്നിവ രൂപീകരിക്കും.

മൾട്ടി മോഡൽ ലോജിസ്റ്റിക് ഹബ്ബ്

വിഴിഞ്ഞം തുറമുഖ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ മൾട്ടിമോഡൽ ലോജിസ്റ്റിക്സ് ഹബ്ബാക്കും. ലോജിസ്റ്റിക്സ് പാർക്കുകളുടെ ശൃംഖല സൃഷ്ടിക്കും. ലോജിസ്റ്റിക്സ് ചെലവ് ജി.എസ്. ഡി.പിയുടെ 10 ശതമാനത്തിൽ താഴെയാക്കും.

സാങ്കേതികവിദ്യ, ഗവേഷണ വികസനം, ബൗദ്ധിക സ്വത്തവകാശം എന്നിവയിൽ ഊന്നിയുള്ള വിജ്ഞാനാധിഷ്ഠിത വ്യവസായവത്കരണത്തിനാണ് ഹൈടെക് മാനുഫാക്ചറിംഗ് ചട്ടക്കൂട് ഊന്നൽ നൽകുന്നത്. കൊച്ചി, പാലക്കാട്, തിരുവനന്തപുരം വ്യാവസായിക ഇടനാഴികളിൽ ഹൈടെക് മാനുഫാക്ചറിംഗ് പാർക്കുകളുടെയും ഇന്നൊവേഷൻ ക്ലസ്റ്ററുകളുടെയും നിർമാണം പരിഗണിക്കും.