ഇൻഫോപാർക്കിൽ ഐ.ടി ഇതര കെട്ടിടത്തിന് അനുമതി, നിർമ്മാണ ചെലവ് 118.33 കോടി

Thursday 16 October 2025 3:00 AM IST

തിരുവനന്തപുരം: കൊച്ചി ഇൻഫോപാർക്ക് ഒന്നാംഘട്ട ക്യാമ്പസിലെ 88 സെന്റ് ഭൂമിയിൽ നോൺ സെസ് ഐ.ടി കെട്ടിടം നിർമ്മിക്കുന്നതിന് മന്ത്രിസഭാ യോഗം ഭരണാനുമതി നൽകി. ഇൻഫോപാർക്കിന്റെ തനത് ഫണ്ടും ബാങ്കിൽ നിന്നുള്ള ടേം ലോണും ഉപയോഗിച്ച് 118.33 കോടി രൂപ ചെലവിൽ 1.9 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടമാണ് നിർമ്മിക്കുക.

ഫോം മാറ്റിങ്ങ്സ് ഇന്ത്യ ലിമിറ്റഡിനെ കേരളാ സ്റ്റേറ്റ് കയർ കോർപ്പറേഷനിൽ ലയിപ്പിക്കും. വ്യവസായ വകുപ്പിന്റെ കീഴിൽ സമാന സ്വഭാവത്തിൽ പ്രവർത്തിക്കുന്ന രണ്ട് സ്ഥാപനങ്ങളെ ലയിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.

ബിവറേജസ് കോർപ്പറേഷനിൽ ഹെൽപ്പർ തസ്തികയിൽ നിയമിതരായ കോച്ച് ബിൽഡർമാർക്ക് 8 വർഷം സർവീസ് പൂർത്തിയാക്കുന്ന മുറയ്ക്ക് സമയ ബന്ധിത ഹയർ ഗ്രേഡ് അനുവദിക്കും. ബിവറേജസ് കോർപറേഷനിലെ മറ്റ് ജീവനക്കാരുടെ സീനിയോരിറ്റിയെ ബാധിക്കാത്ത തരത്തിൽ, 23,700- 52,600 എന്ന ശമ്പള സ്കെയിലിലാണ് ഹയർ ഗ്രേഡ് അനുവദിക്കുക. ‌ഫാമിംഗ് കോർപ്പറേഷനിലെ തൊഴിലാളികൾക്ക് ഇടക്കാലാശ്വാസമായി അധികം നൽകിയ 2.54 കോടിരൂപ തിരികെ പിടിക്കുന്നത് ഒഴിവാക്കും. 2019 ജനുവരി മുതൽ 2022 ഡിസംബർ വരെയുള്ള കാലയളവിൽ ദിവസം 28രൂപ നിരക്കിലാണ് അധികം നൽകിയത്.

തൃശൂർ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കുവശത്തെ കുട്ടൻകുളം നവീകരണ പ്രവൃത്തികൾക്കായി 4.04കോടി രൂപയുടെ ടെൻഡർ അംഗീകരിച്ചു.

കൊല്ലം കണ്ണനല്ലൂർ എം.കെ.എൽ.എം എച്ച്.എസ്.എസിൽ ഒരു എച്ച്.എസ്.എസ്.ടി (ജൂനിയർ) മലയാളം തസ്തിക സൃഷ്ടിക്കും.

പ്രോസിക്യൂഷൻ ഡയറക്ടറേറ്റിൽ ജൂനിയർ സൂപ്രണ്ടിന്റെ ഒരു തസ്തിക സൃഷ്ടിക്കും.