കേരളത്തെ സാമ്പത്തിക വികസനത്തിന്റെ ഹബ്ബാക്കും:കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

Thursday 16 October 2025 2:01 AM IST

തിരുവനന്തപുരം: ഇന്ത്യയുടെ ഭാവി സാമ്പത്തിക വികസന കുതിപ്പിനുള്ള ഹബ്ബാക്കി കേരളത്തെ മാറ്റുമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്. തിരുവനന്തപുരം പാപ്പനംകോടുള്ള സി.എസ്.ഐ.ആർ- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ‌ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (എൻ.ഐ.ഐ.എസ്.ടി) സുവർണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സെന്ററിനോട് ചേർന്ന് സംസ്ഥാന സർക്കാർ കൈമാറിയ പത്ത് ഏക്കർ ഭൂമിയിൽ നൂതനാശയ, സാങ്കേതിക വിദ്യ സംരംഭക കേന്ദ്രം സ്ഥാപിക്കും.

നൂതനാശയങ്ങൾക്കും അടുത്ത തലമുറയുടെ ഗവേഷണങ്ങൾക്കും കണ്ടെത്തലുകൾക്കുമുള്ള കേന്ദ്രമായി തിരുവനന്തപുരം മാറുമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സി.എസ്‌.ഐ.ആർ- എൻ.ഐ.ഐ.എസ്.ടിയിൽ ശാരീരിക ഊർജ്ജം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പെഡൽ അസിസ്റ്റൻഡ് വ്യായാമ സംവിധാനം 'വിദ്യുത് സ്വാസ്ഥ്യ" കേന്ദ്രമന്ത്റി ഉദ്ഘാടനം ചെയ്തു. ക്യാമ്പസിൽ നിർമ്മിച്ച സുവർണ ജൂബിലി നൂതനാശയ കേന്ദ്രത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

സി.എസ്‌.ഐ.ആർ- എൻ.ഐ.ഐ.എസ്.ടി ഡയറക്ടർ ഡോ.സി. അനന്തരാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ ഡോ.കൃഷ്ണ എം. എല്ല, തിരുവനന്തപുരം ഐ.ഐ.എസ്.ടി വൈസ് ചാൻസലർ പ്രൊഫ.ദീപാങ്കർ ബാനർജി, സി.എസ്‌.ഐ.ആർ- എൻ.ഐ.ഐ.എസ്.ടി ബിസിനസ് ഡെവലപ്‌മെന്റ് വിഭാഗം മേധാവി ഡോ.പി.നിഷി,അഗ്രോ പ്രോസസിംഗ് ഡിവിഷൻ മേധാവി ഡോ.കെ.വി.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.