ശബരിമല സ്വർണക്കൊള്ള സിബിഐ അന്വേഷിക്കണം, മുഖ്യമന്ത്രിയുടെ മകനുള്ള ഇഡി നോട്ടീസ് ബിജെപി അക്കൗണ്ട് തുറക്കാനുള്ള നോട്ടീസെന്ന് മുരളീധരൻ

Wednesday 15 October 2025 10:10 PM IST

കൽപ്പറ്റ: ശബരിമലയിലെ സ്വർണക്കൊള്ള ഹൈക്കോടതി മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷിക്കണമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ മുരളീധരൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ശബരിമല വിഷയത്തിൽ എഡി.ജി.പിയുടെ നേതൃത്വത്തിലുള്ള നിലവിലെ അന്വേഷണ സംഘം ഹൈക്കോടതിക്ക് കൊടുക്കുന്ന റിപ്പോർട്ട് സർക്കാരിന്റെ താത്പര്യത്തിന് ചേർന്നതല്ലെങ്കിൽ മുഖ്യമന്ത്രി അവരെ ഉപദ്രവിക്കാൻ സാദ്ധ്യതയുണ്ട്. യോഗേഷ് ഗുപ്ത ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ അനുഭവം അതാണ്. അതുകൊണ്ട് ഈ റിസ്‌ക് അന്വേഷണസംഘം എടുക്കുമോയെന്ന സംശയം കോൺഗ്രസിനുണ്ട്.

മുഖ്യമന്ത്രിയുടെ മകന് ഇഡി അയച്ച നോട്ടീസ് ഏൽപ്പിച്ച ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതായാണ് ഒടുവിൽ പുറത്തു വരുന്ന വിവരം. ഇഡിയുടെ നോട്ടീസ് മുതൽ സുരേഷ് ഗോപിയുടെ വിജയം വരെ ചേർത്തു വായിക്കുമ്പോൾ, മുഖ്യമന്ത്രിയുടെ മകന് നൽകിയ ഇഡി നോട്ടീസ് ബി.ജെ. പിയുടെ കേരളത്തിലെ അക്കൗണ്ട് തുറക്കാനുള്ള നോട്ടീസായാണ് മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.