വിശ്വാസികളുടെ ശാപം സർക്കാർ താങ്ങില്ല: കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: ശബരിമലയിലെ സ്വർണം കൊള്ള ചെയ്യാൻ ശ്രമിച്ചവർക്ക് വിശ്വാസികൾ ഒരു കാലത്തും മാപ്പ് നൽകില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ശബരിമലയെ വിൽക്കാൻ ശ്രമിച്ചവർക്ക് പ്രതിഫലം കിട്ടുക തന്നെ ചെയ്യും. ആ ശാപം വളരെ വലുതായിരിക്കും. ഇപ്പോളുണ്ടായ മുറിവ് ഒരു കാലത്തും ഉണങ്ങില്ലെന്നും പറഞ്ഞു. മുൻ കെ.പി.സി.സി പ്രസിഡൻ്റ് കെ. മുരളീധരൻ നയിക്കുന്ന മേഖലാതല വിശ്വാസ സംരക്ഷണ യാത്രയ്ക്ക് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നൽകിയ സ്വീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കുഞ്ഞാലിക്കുട്ടി. കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ആരാധനാലയങ്ങൾക്ക് കൽപ്പിച്ച പവിത്രത വളരെ വലുതായിരുന്നു. അദ്ദേഹം എല്ലാ മത വിഭാഗങ്ങൾക്കും സ്വീകാര്യനായിരുന്നു. എന്നാൽ അവിശ്വാസികൾ ഭരണത്തിലേറിയപ്പോൾ വിവാദങ്ങൾ മാത്രമാണുണ്ടാകുന്നതെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ഡി.സി.സി പ്രസിഡൻ്റ് അഡ്വ.കെ. പ്രവീൺകുമാർ അദ്ധ്യക്ഷനായി. ജാഥാ വൈസ് ക്യാപ്റ്റൻ ടി.സിദ്ദിഖ് എം.എൽ.എ, ജാഥാ മാനേജർ അഡ്വ. പി.എം.നിയാസ്, അഡ്വ.കെ.ജയന്ത്, ബാലകൃഷ്ണൻ പെരിയ, എൻ.സുബ്രഹ്മണ്യൻ, എം.എ.റസാഖ്, സി.എൻ വിജയകൃഷ്ണൻ, കെ.എം.അഭിജിത്ത്, കെ.സി.അബു, കെ.ബാലനാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.
മൂന്നാമതും പിണറായി വന്നാൽ അയ്യപ്പനെയും വിഴുങ്ങും: കെ. മുരളീധരൻ
കോഴിക്കോട്: തുടർ ഭരണത്തിൽ മോഷ്ടിക്കാൻ ഇനി ശബരിമലയിലെ അയ്യപ്പ വിഗ്രഹം മാത്രമേ ബാക്കിയുള്ളൂവെന്ന് മുൻ കെ.പി.സി.സി പ്രസിഡൻ്റ് കെ.മുരളീധരൻ. പിണായി ഒരു ചാൻസ് കൂടിയാണ് ചോദിക്കുന്നത്. അത് എന്തിനാണെന്ന് ഇപ്പോൾ വ്യക്തമാണ്. അയ്യപ്പ വിഗ്രഹം കൂടി അടിച്ചുമാറ്റും. പിണറായി മൂന്നാമതും വന്നാൽ 'സ്വാമിയേ ശരണമയ്യപ്പ' എന്ന് ഭക്തർ വിളിക്കുമ്പോൾ 'മകനേ ഞാൻ ഇയാളുടെ വയറ്റിലുണ്ട്, എന്നെയും വിഴുങ്ങി' യെന്ന് അയ്യപ്പൻ മറുപടി പറയുന്നത് കേൾക്കേണ്ടിവരുമെന്ന് മുരളീധരൻ പരിഹസിച്ചു. മേഖലാതല വിശ്വാസ സംരക്ഷണ യാത്രയ്ക്ക് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നൽകിയ സ്വീകരണത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ആഗോള അയ്യപ്പ സംഗമം യു.ഡി.എഫ് ബഹിഷ്കരിച്ചത് നന്നായി. സംഗമം എട്ടു നിലയ്ക്ക് പൊട്ടിയെന്ന് മാത്രമല്ല, യോഗി ആദിത്യനാഥിൻ്റെ കത്ത് വായിച്ച് മന്ത്രി വാസവൻ പുളകം കൊണ്ടതും കണ്ടു. കോൺഗ്രസിൻ്റെ ഒരു മന്ത്രിയായിരുന്നു ഇത് ചെയ്തതെങ്കിൽ നിൽക്കപ്പൊറുതി ഉണ്ടാകുമായിരുന്നോ? ഉണ്ണികൃഷ്ണൻ പോറ്റിമാരെ സംരക്ഷിക്കുന്നത് ദേവസ്വം ബോർഡ് മാത്രമല്ല,കൂട്ടുപ്രതി സർക്കാറുമാണ്. അതുകൊണ്ട് സ്വർണക്കൊള്ള ഹൈക്കോടതി മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷിക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു.