പവൻ വില 95,000 രൂപയിലേക്ക്

Thursday 16 October 2025 12:41 AM IST

ചരിത്ര മുന്നേറ്റം തുടർന്ന് സ്വർണം

പവൻ@94,920 രൂപ

കൊച്ചി: അമേരിക്കയിലെ ഫെഡറൽ റിസർവ് പലിശ കുറച്ചേക്കുമെന്ന പ്രതീക്ഷയിൽ സ്വർണ വില ഇന്നലെയും പുതിയ ഉയരങ്ങളിലെത്തി. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വൻകിട ഫണ്ടുകളും കേന്ദ്ര ബാങ്കുകൾ പണമൊഴുക്കിയതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില ചരിത്രത്തിലാദ്യമായി ഔൺസിന്(31.1 ഗ്രാം) 4,210 ഡോളറിലെത്തി. കേരളത്തിൽ ഇന്നലെ പവൻ വില 800 രൂപ ഉയർന്ന് 94,920 രൂപയായി. രാവിലെയും ഉച്ചയ്ക്കും 400 രൂപ വീതമാണ് പവന് കൂടിയത്. ഗ്രാമിന്റെ വില നൂറ് രൂപ ഉയർന്ന് 11865 രൂപയിലെത്തി. ചരക്ക് സേവന നികുതിയും സെസും ഏറ്റവും കുറഞ്ഞ പണിക്കൂലിയുമടക്കം സ്വർണം വാങ്ങുന്നതിന് കേരളത്തിൽ പവന് 1.02 ലക്ഷം രൂപയ്ക്കടുത്താകും.

വിലക്കുതിപ്പ്

2020 മാർച്ച് 31: 32,000 രൂപ

2021 മാർച്ച് 31: 32,880 രൂപ

2022 മാർച്ച് 31: 38,120 രൂപ

2023 മാർച്ച് 31: 44,000 രൂപ

2024 മാർച്ച് 31: 50,200 രൂപ

2025 മാർച്ച് 31: 67,400 രൂപ

2025 ഒക്‌ടോബർ 15: 94,920 രൂപ

വെള്ളി വിലയും കുതിക്കുന്നു

വെള്ളിയുടെ വിലയും റെക്കാഡുകൾ പുതുക്കി കുതിക്കുകയാണ്. കേരളത്തിൽ ഇന്നലെ വെള്ളി ബുള്യൻ വില ഗ്രാമിന് ആറ് രൂപ ഉയർന്ന് 196 രൂപയിലെത്തി. ന്യൂഡൽഹിയിലെ മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ വെള്ളിയുടെ അവധി വില കിലോഗ്രാമിന് 1.9 ലക്ഷം രൂപയാണ്.

ഓഹരികളിലും മുന്നേറ്റം

അമേരിക്കയിൽ പലിശ കുറയുമെന്ന പ്രതീക്ഷയിൽ നിക്ഷേപകർ സജീവമായതോടെ ഓഹരി വിപണി ഇന്നലെ മികച്ച മുന്നേറ്റം നടത്തി. സെൻസെക്സ് 575.75 പോയിന്റ് ഉയർന്ന് 82,605.43ൽ അവസാനിച്ചു. നിഫ്റ്റി 178.05 പോയിന്റ് നേട്ടവുമായി 25,323.55ൽ എത്തി. ചെറുകിട, ഇടത്തരം ഓഹരികളും കുതിച്ചു. ധനകാര്യ, ടെലികോം, മെറ്റൽ മേഖലയിലെ ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്.