സി.എൻ.ജി കപ്പലുകൾ കൊച്ചിയിൽ നിർമ്മിക്കും

Thursday 16 October 2025 12:43 AM IST

കൊച്ചി: ആഗോള കമ്പനിയായ സി.എം.എ സി.ജി.എൻ ഗ്രൂപ്പ് കൊച്ചി കപ്പൽശാലയിൽ ആറ് എൽ.എൻ.ജി കണ്ടെയ്‌നർ കപ്പലുകൾ നിർമ്മിക്കാൻ താത്പര്യപത്രം ഒപ്പുവച്ചു. ഇന്ത്യയിൽ സി.എൻ.ജി കപ്പലുകൾ നിർമ്മിക്കുന്ന ആദ്യത്തെ വിദേശ കമ്പനിയാണ് ഫ്രാൻസ് ആസ്ഥാനമായ സി.എം.എ സി.ജി.എൻ.

കൊറിയൻ കപ്പൽ നിർമ്മാതാക്കളായ എച്ച്.ഡി ഹ്യുണ്ടായ് ഹെവി ഇൻഡസ്ട്രീസിന്റെ സാങ്കേതിക സഹകരണത്തോടെയാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് പദ്ധതി നടപ്പിലാക്കുക. ആറു കപ്പലുകളും ഇന്ത്യയിൽ രജിസ്റ്റർ ചെയ്യും. കൊച്ചിയിൽ നിർമ്മിക്കുന്ന കപ്പലുകൾ 2029നും 2031നുമിടിയിൽ കൈമാറും. ടെർമിനലുകൾ, സമുദ്ര സേവനങ്ങൾ, കപ്പൽ നിർമ്മാണം എന്നിവയിൽ ഇന്ത്യയിൽ നിക്ഷേപം നടത്തുന്ന ഗ്രൂപ്പാണിത്. ഇന്ത്യയുടെ വ്യാവസായിക, സാങ്കേതിക ശേഷിയിൽ അർപ്പിക്കുന്ന വിശ്വാസമാണ് ധാരണാപത്രമെന്ന് ഗ്രൂപ്പ് ചെയർമാനും സി.ഇ.ഒയുമായ റോഡോൾഫ് സാഡെ പറഞ്ഞു.

ലോകമെമ്പാടുമുള്ള ഇടപാടുകാർക്ക് പങ്കാളിത്തത്തിലൂടെ മികച്ച പരിഹാരങ്ങൾ ഉറപ്പാക്കുന്ന പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നതാണ് ധാരണാപത്രമെന്ന് കപ്പൽശാല ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ മധു എസ് നായർ പറഞ്ഞു.