ഇന്ത്യൻ സമുദ്രോത്പ്പന്ന കയറ്റുമതിക്ക് യു.എസ് പച്ചക്കൊടി

Thursday 16 October 2025 12:44 AM IST
സമുദ്ര സസ്തനി

സി.എം.എഫ്.ആർ.ഐ പഠനം തുണയായി

കൊച്ചി: സമുദ്രസസ്തനികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് ഇന്ത്യൻ സമുദ്രോത്പന്ന കയറ്റുമതിക്ക് അമേരിക്കയുടെ അംഗീകാരം ലഭിച്ചു. മത്സ്യബന്ധനത്തിനിടെ സമുദ്ര സസ്തനികൾക്ക് കാര്യമായ ദോഷം സംഭവിക്കുന്നില്ലെന്ന കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) പഠനറിപ്പോർട്ട് കണക്കിലെടുത്താണ് നടപടി.

യു.എസ് മറൈൻ മാമൽ പ്രൊട്ടക്ഷൻ നിയമം അനുസരിച്ച് സമുദ്ര സസ്തനികളുടെ സംരക്ഷണത്തിന് കർശനമായ നടപടിയെടുക്കുന്ന രാജ്യങ്ങൾക്കാണ് സീഫുഡ് ഇറക്കുമതിക്ക് അനുമതി. ഇന്ത്യയിൽ തിമിംഗലം, ഡോൾഫിൻ തുടങ്ങിയ കടൽസസ്തനികളുടെ ശാസ്ത്രീയ വിവരങ്ങൾ ലഭ്യമല്ലാത്തതാണ് കയറ്റുമതിയെ ബാധിച്ചത്.

2020ലാണ് സി.എം.എഫ്.ആർ.ഐയുടെ നേതൃത്വത്തിൽ സമുദ്ര സസ്തനികളുടെ ശാസ്ത്രീയ കണക്കെടുപ്പ് ആരംഭിച്ചത്. സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എം.പി.ഇ.ഡി.എ), ഫിഷറീസ് സർവേ ഒഫ് ഇന്ത്യ (എഫ്.എസ്.ഐ) എന്നിവയുടെ സഹകരണത്തോടെ നടത്തിയ പഠനം കടൽ സസ്തനികളുടെ സ്ഥിതിവിവരങ്ങൾ ശാസ്ത്രീയമായി വിലയിരുത്തി. ഒന്നാംഘട്ടത്തിൽ 18 ഇനം കടൽ സസ്തനികളുടെ സ്റ്റോക് അസസ്‌മെന്റ് പൂർത്തിയാക്കി. ഇന്ത്യൻ സമുദ്രത്തിൽ സസ്തനി സമ്പത്ത് ആരോഗ്യകരമാണെന്നും

മത്സ്യബന്ധനത്തിനിടെ അബദ്ധത്തിൽ വലയിൽ കുടുങ്ങുന്ന സസ്തനികളുടെ എണ്ണം അനുവദനീയമായ പരിധിയിലും താഴെയാണെന്നും പഠനത്തിൽ വ്യക്തമായി. ഇതോടെ കടൽ സസ്തനികളുടെ സംരക്ഷണത്തിലും മത്സ്യബന്ധനത്തിലെ കരുതലിലും ഇന്ത്യയിലെ സംവിധാനങ്ങൾ അമേരിക്കൻ നിലവാരത്തിലാണെന്നും യു.എസ്. നാഷണൽ മറൈൻ ഫിഷറീസ് സർവീസ് വിലയിരുത്തി.

കോടിക്കണക്കിന് ഡോളറിന്റെ വ്യാപാരം സുരക്ഷിതമാക്കാനും കയറ്റുമതി നിരോധനം ഒഴിവാക്കാനും പഠനം സഹായിച്ചെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ സി.എം.എഫ്.ആർ.ഐയിലെ സീനിയർ സയന്റിസ്റ്റ് ഡോ. രതീഷ് കുമാർ രവീന്ദ്രൻ പറഞ്ഞു.