എം.ടി.വിക്ക് തിരശ്ശീല: ഗൃഹാതുരതയിൽ നെറ്റിസൺസ്
40 വർഷത്തിന് ശേഷം പ്രവർത്തനം നിറുത്തി
കൊച്ചി: സ്വകാര്യ ചാനലുകളുടെ ശൈശവകാലത്ത് ടെലിവിഷനിൽ നൃത്ത- സംഗീത വിരുന്നൊരുക്കി കാണികളുടെ മനം കവർന്ന എം.ടി.വി അരങ്ങൊഴിയുന്നു. മാറുന്ന ട്രെൻഡിനൊപ്പം ഓടിയെത്താനാവാതെയാണ് വിടവാങ്ങൽ. കമ്പനിയുടെ ചാനലുകളായ എം.ടി.വി എയ്റ്റീസ്, എം.ടി.വി മ്യൂസിക്, എം.ടി.വി നയന്റീസ്, എം.ടി.വി ലൈവ്, ക്ലബ് എം.ടി.വി എന്നിവയ്ക്ക് ഡിസംബർ 31ന് ലോകമെമ്പാടും പൂട്ടുവീഴും. അതേസമയം, റിയാലിറ്റി ഷോകളുമായി എം.ടി.വി എച്ച്.ഡി. ചാനൽ മാത്രം തുടരും.
എൺപതുകളിലെയും തൊണ്ണൂറുകളിലെയും യുവതയ്ക്കും പോപ് സംഗീതാസ്വാദകർക്കും പ്രിയങ്കരമായിരുന്ന ചാനലാണ് എം.ടി.വി. എന്നാൽ സമകാലിക പ്രേക്ഷകരുടെ അഭിരുചികൾ മാറിയത് തിരിച്ചടിയായി. പ്രേക്ഷകാടിത്തറയിൽ വ്യാപക ചോർച്ചയുണ്ടായെന്ന് കമ്പനി വിലയിരുത്തി.യുട്യൂബ്, ടിക്‌ടോക്, സ്പോട്ടിഫൈ
തുടങ്ങിയവയോട് മത്സരിക്കാനാകാതെയാണ് മടക്കം.
ഉടമകളായ പാരമൗണ്ട് ഗ്ലോബൽ അടുത്തിടെ സ്കൈഡാൻസ് മീഡിയയിൽ ലയിച്ചതോടെ പ്രഖ്യാപിച്ച 500 ദശലക്ഷം ഡോളറിന്റെ ചെലവുചുരുക്കൽ നയവും അടച്ചുപൂട്ടൽ തീരുമാനത്തിന് ആക്കം കൂട്ടി. പ്രഖ്യാപനം വന്നതോടെ എം.ടി.വിക്ക് ബിഗ് സല്യൂട്ടുമായി സമൂഹമാദ്ധ്യമങ്ങളിൽ ഗൃഹാതുര സന്ദേശങ്ങൾ തിങ്ങിനിറയുകയാണ്.