വ്യാപാര അനിശ്ചിതത്വങ്ങളിലും തളരാതെ കയറ്റുമതി മേഖല
സെപ്തംബറിൽ ഉത്പന്നകയറ്റുമതിയിൽ 6.74 ശതമാനം വർദ്ധന
കൊച്ചി:ആഗോള മേഖലയിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളിലും തളരാതെ ഇന്ത്യൻ കയറ്റുമതി മേഖല മുന്നേറുന്നു. സെപ്തംബറിൽ ഇന്ത്യയുടെ മൊത്തം ഉത്പന്ന കയറ്റുമതി 6.74 ശതമാനം വർദ്ധിച്ച് 3,638 കോടി ഡോളറായി. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഈടാക്കാനുള്ള ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തോടെ അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ നേരിയ കുറവുണ്ടായെങ്കിലും പുതിയ വിപണികൾ കണ്ടെത്തി വ്യാപാരം വികസിപ്പിച്ചതാണ് നേട്ടമായത്. സെപ്തംബറിൽ 543 കോടി ഡോളറിന്റെ ഉത്‌പന്നങ്ങളാണ് അമേരിക്കയിലേക്ക് കയറ്റി അയച്ചത്. ആഗസ്റ്റിലിത് 687 കോടി ഡോളറാണ്. തുണിത്തരങ്ങൾ, സമുദ്രോത്പന്നങ്ങൾ, വജ്ര, സ്വർണാഭരണങ്ങൾ എന്നിവയുടെ കയറ്റുമതിയെ അമേരിക്കയിലെ അധിക തീരുവ പ്രതികൂലമായി ബാധിച്ചു. ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള ആറ് മാസത്തിൽ മൊത്തം കയറ്റുമതി 22,012 കോടി ഡോളറാണ്.
ഇറക്കുമതിയിലും കുതിപ്പ്
കഴിഞ്ഞ മാസം രാജ്യത്തെ ഇറക്കുമതി 16.6 ശതമാനം ഉയർന്ന് 6,853 കോടി ഡോളറായി. ആഗസ്റ്റിലെ ഇറക്കുമതി 6,153 കോടി ഡോളറായിരുന്നു. സ്വർണ ഇറക്കുമതി ആഗസ്‌റ്റിലെ 514 കോടി ഡോളറിൽ നിന്ന് 960 കോടി ഡോളറായി കഴിഞ്ഞ മാസം ഉയർന്നു. ക്രൂഡോയിൽ ഇറക്കുമതി 1,400 കോടി ഡോളറായി ഉയർന്നു. അതേസമയം അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി 398 കോടി ഡോളറാണ്. ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള ഇറക്കുമതി 37,511 കോടി ഡോളറിലേക്ക് ഉയർന്നു.
വെല്ലുവിളിയായി വ്യാപാര കമ്മി
കയറ്റുമതി വളർച്ച കുറഞ്ഞതും ഇറക്കുമതിയിലെ കുതിപ്പും ഇന്ത്യയുടെ വ്യാപാര കമ്മി ഉയർത്തുന്നു. സെപ്തംബറിൽ വ്യാപാര കമ്മി പതിമൂന്ന് മാസത്തെ ഉയർന്ന നിരക്കായ 3,215 കോടി ഡോളറിലെത്തി. കയറ്റുമതി, ഇറക്കുമതി മൂല്യത്തിലെ അന്തരമാണ് വ്യാപാര കമ്മി.
സ്വർണം, വെള്ളി, രാസവളങ്ങൾ, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾ എന്നിവയുടെ ഇറക്കുമതിയിലെ വർദ്ധനയാണ് വ്യാപാര കമ്മി ഉയർത്തുന്നത്
രാജേഷ് അഗർവാൾ
കൊമേഴ്‌സ് സെക്രട്ടറി