കഞ്ചാവ് വില്പന പൊലീസിനെ അറിയിച്ചെന്ന് സംശയം:... യുവാവിനെ കൊന്ന് കുളത്തിലിട്ട സുഹൃത്തുക്കൾ അറസ്റ്റിൽ
കണ്ണൂർ: കഞ്ചാവ് വില്പന പൊലീസിൽ അറിയിച്ചെന്ന സംശയത്തിൽ യുവാവിനെ കൊന്ന് പൊട്ടക്കുളത്തിലിട്ട സുഹൃത്തുക്കൾ അറസ്റ്റിൽ. കുടിയാൻമല പടിഞ്ഞാറെക്കവലയിലെ വി.വി. നാരായണൻ - സരോജിനി ദമ്പതികളുടെ മകൻ വി.വി. പ്രജുലിന്റെ (30) കൊലപാതകത്തിലാണ് പോത്തുകുണ്ട് റോഡിലെ വയലിനകത്ത് മിഥിലാജ് (26), ഷാക്കിർ (28) എന്നിവരെ കുടിയാന്മല പൊലീസ് അറസ്റ്റുചെയ്തത്.
ആലക്കോട് നടുവിലിലുള്ള പൊട്ടക്കുളത്തിൽ കഴിഞ്ഞ മാസം 25ന് രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. സൗഹൃദം നടിച്ചാണ് പ്രജുലിനെ പ്രതികൾ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് മർദ്ദിച്ച് അവശനാക്കിയ ശേഷം നടുവിൽ എരോടിയിലുള്ള സ്വകാര്യ വ്യക്തിയുടെ റബർതോട്ടത്തിലെ പൊട്ടക്കുളത്തിൽ തള്ളി.
പ്രജുലിനായി വീട്ടുകാരും നാട്ടുകാരും തെരച്ചിലിനിറങ്ങിയപ്പോൾ പ്രതികളും ഒപ്പമുണ്ടായിരുന്നു. ഇതിനിടെ നടുവിൽ കോട്ടമലയിലേക്കുള്ള റോഡരികിൽ നിന്ന് പ്രജുലിന്റെ ബൈക്ക് കണ്ടെത്തി. പിന്നീടാണ് മൃതദേഹം കണ്ടെത്തിയത്.
കുടിയാന്മല ഇൻസ്‌പെക്ടർ എം.എൻ. ബിജോയിയുടെ നേതൃത്വത്തിൽ മിഥിലാജിനെയാണ് ആദ്യം അറസ്റ്റുചെയ്തത്.
ഇന്നലെ ഉച്ചയോടെ ഷാക്കിറിനെയും അറസ്റ്റുചെയ്തു. കഞ്ചാവ് കേസിൽ എക്‌സൈസ് ഷാക്കിറിനെ അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവ്, അടിപിടി, പൊലീസിനെ ആക്രമിക്കൽ എന്നിവയുൾപ്പെടെ 11 കേസുകളിലെ പ്രതിയാണ് ഷാക്കിർ.