മുൻ സൈനികർക്കുള്ള ധനസഹായം ഇരട്ടിയാക്കി

Thursday 16 October 2025 1:05 AM IST

ന്യൂഡൽഹി: മുൻ സൈനികർക്കും അവരുടെ ആശ്രിതർക്കും കേന്ദ്രീയ സൈനിക ബോർഡ് വഴി നൽകുന്ന സാമ്പത്തിക സഹായത്തിൽ 100% വർധന വരുത്തും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അംഗീകാരം നൽകി. നവംബർ ഒന്നു മുതൽ സമർപ്പിക്കുന്ന അപേക്ഷകൾക്ക് ലഭിക്കും.

പ്രതിമാസ ധനസഹായം 4,000 രൂപയിൽ നിന്ന് 8,000 രൂപയാക്കി. 65 വയസ് കഴിഞ്ഞ സ്ഥിര വരുമാനമില്ലാത്ത, വയോധികരും പെൻഷൻ വാങ്ങാത്തവരുമായ മുൻ സൈനികർക്കും അവരുടെ വിധവകൾക്കും പ്രയോജനം ചെയ്യും. ഒന്നാംതരം മുതൽ ബിരുദം വരെ പഠിക്കുന്ന ആശ്രിതരായ പരമാവധി രണ്ട് കുട്ടികൾക്കോ രണ്ടുവർഷ ബിരുദാനന്തര കോഴ്‌സ് ചെയ്യുന്ന വിധവകൾക്കോ പ്രതിമാസം ലഭിക്കുന്ന തുക 1,000 രൂപയിൽ നിന്ന് 2,000 രൂപയായി ഉയർത്തി. വിവാഹ സഹായധനം 50,000 രൂപയിൽ നിന്ന് ഒരുലക്ഷം രൂപയായി ഉയർത്തി. മുൻ സൈനികരുടെ പരമാവധി രണ്ട് പെൺമക്കളുടെ വിവാഹത്തിനും വിധവകളുടെ പുനർവിവാഹത്തിനും ഇത് ബാധകമാണ്.

ഇതിന് പ്രതിവർഷം അധികം വേണ്ടിവരുന്ന 257 കോടി രൂപ സായുധസേന പതാകദിന നിധിയിൽ (എ.എഫ്.എഫ്.ഡി.എഫ്) നിന്ന് കണ്ടെത്തും.