യു.കെയിൽ സ്‌കിൽഡ് വിസയ്ക്ക് പുതിയ പരീക്ഷ
Thursday 16 October 2025 1:11 AM IST
ലണ്ടൻ: യു.കെയിൽ സ്‌കിൽഡ് വർക്കർ വിസയ്ക്കായി അപേക്ഷിക്കുന്നവർക്കുള്ള മാനദണ്ഡങ്ങൾ കടുപ്പിക്കാൻ തീരുമാനം. പുതിയ കടുപ്പമേറിയ ഇംഗ്ലീഷ് പരീക്ഷ പാസായാൽ മാത്രമേ ഇനി അപേക്ഷിക്കാനാകു. അപേക്ഷകർക്ക് ആവശ്യമായ ഇംഗ്ലീഷ് ഭാഷാ നിലവാരം ബി-2 ആയി ഉയർത്തി. ഇംഗ്ലിഷ് സംസാരിക്കാനും കേൾക്കാനും വായിക്കാനും എഴുതാനുമുള്ള യു.കെ എ-ലെവൽ പരിജ്ഞാനത്തിന് തുല്യമാണ് ബി - 2 നിലവാരം. 2026 ജനുവരി 8ന് പ്രാബല്യത്തിൽ വരും. വിസാ കാലാവധി നീട്ടാൻ ആഗ്രഹിക്കുന്നവരെ പരിഷ്കാരം ബാധിക്കില്ല. അതേ സമയം, ബിരുദതലത്തിലെ സ്റ്റുഡന്റ് വിസയിലെത്തുന്നവർക്ക് പഠന ശേഷം ജോലി കണ്ടെത്താൻ അനുവദിച്ചിട്ടുള്ള കാലയളവ് 2 വർഷത്തിൽ നിന്ന് 18 മാസമായി കുറയ്ക്കാനും തീരുമാനിച്ചു. 2027 ജനുവരി 1ന് പ്രാബല്യത്തിൽ വരും. രാജ്യത്തെ കുതിച്ചുയരുന്ന കുടിയേറ്റം നിയന്ത്രിക്കാനാണ് പുതിയ നടപടികൾ.