ചെറുകിട കുപ്പിവെള്ള നിർമ്മാണ യൂണിറ്റുകൾ പ്രതിസന്ധിയിൽ
പത്തനംതിട്ട: ചെറുകിട കുപ്പിവെള്ള നിർമ്മാണ യൂണിറ്റുകൾ കടുത്ത പ്രതിസന്ധിയിലെന്ന് സ്മോൾ സ്കെയിൽ പാക്കേജ്‌ഡ് ഡ്രിങ്കിംഗ് വാട്ടർ മാനുഫാക്ചേഴ്സ് അസോസിയേഷൻ. അടിയന്തര ഇടപെടലാവശ്യപ്പെട്ട് സംഘടന സംസ്ഥാന പ്രസിഡന്റ് എം.വി സോമൻ പിള്ളയുടെ നേതൃത്വത്തിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി. എഫ്. എസ്. എസ്. എ. ഐ മാനദണ്ഡങ്ങൾ പാലിച്ചാണ് വിവിധ അളവുകളിലായി കുപ്പിവെള്ളം നിർമ്മിച്ച് വിതരണം ചെയ്യുന്നത്.
ഒരു ലിറ്ററിന് റീട്ടെയിൽ വില 20 രൂപയാണ്. ഹോൾസെയിൽ വിപണിയിൽ ഒരു ലിറ്ററിന് എട്ട് രൂപ പോലും ലഭിക്കുന്നില്ല. ലാഭം റീട്ടെയിൽ ഷോപ്പ് ഉടമകൾക്കാണ്. എന്നിട്ട് നിർമ്മാതാക്കളെ വെള്ളമാഫിയ എന്ന് ആക്ഷേപിക്കുന്നു. നിലവിൽ മൾട്ടിനാഷണൽ കമ്പനികളുമായുള്ള കടുത്ത മത്സരം നേരിടേണ്ടിവരുന്നു. സമീപ സംസ്ഥാനങ്ങളിൽ നിന്ന് വെള്ളം അനിയന്ത്രിതമായി സംസ്ഥാനത്തെത്തുന്നതിനാൽ ഹോൾസെയിൽ വില വർദ്ധിപ്പിക്കാനാകുന്നില്ല. സർക്കാർ നിഷ്കർഷിക്കുന്ന പരിശോധനകൾക്കുള്ള ചെലവുകൾ സാമ്പത്തിക ഭാരമാണ്. യൂണിറ്റുകൾ അടച്ചുപൂട്ടലിന്റെ അവസ്ഥയിലാണ്. ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടും. ചെറുകിട കുപ്പിവെള്ള നിർമ്മാണ യൂണിറ്റുകൾ നിലനിൽക്കാൻ ഇളവുകൾ നൽകണം. ടെലിമെട്രിക്, സി.സി ടിവി തുടങ്ങിയ നിർബന്ധിത വ്യവസ്ഥകൾ പുനഃപരിശോധിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.