കോഴിക്കോട് സൗത്ത് ബീച്ചിൽ കടൽ ഒന്നര കിലോമീറ്ററോളം ഉൾവലിഞ്ഞു, കള്ളക്കടൽ പ്രതിഭാസമെന്ന് സൂചന

Thursday 16 October 2025 12:42 AM IST

കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിൽ കടൽ കിലോമീറ്ററോളം ഉൾവലിഞ്ഞു. രാത്രി പത്തരയോടെയാണ് സൗത്ത് ബീച്ചിൽ കടൽ ഉൾവലിഞ്ഞത്. മുൻപ് കാപ്പാട് കടൽ ഉൾവലിഞ്ഞിരുന്നു. ഏതാണ്ട് ഒന്നര കിലോമീറ്ററോളം കടൽ ഉൾവലിഞ്ഞിട്ടുണ്ടെന്നാണ ്പ്രദേശവാസികൾ പറയുന്നത്. അപൂർവ പ്രതിഭാസമുണ്ടായതോടെ നിരവധിയാളുകൾ സൗത്ത് ബീച്ചിൽ കടൽ കാണാൻ എത്തിയിട്ടുണ്ട്. വളരെ പെട്ടെന്നാണ് കടൽ ഉള്ളിലേക്ക് കയറിപ്പോയതെന്ന് കണ്ടുനിന്നവർ പറഞ്ഞു. ഉടൻ തിരികെ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഏറെനേരമായി തൽസ്ഥിതി തുടരുകയാണ്.

കുറച്ചുദിവസം മുൻപും കടൽ അൽപം പിൻവലിഞ്ഞിരുന്നെങ്കിലും ഇത്രത്തോളം ഉണ്ടായിട്ടില്ല. ഇടയ്‌ക്ക് യാതൊരു തിരയുമില്ലാതെ കടൽ നിശ്ചലമായ സാഹചര്യവും ഉണ്ടായി. അതിനിടെ കോഴിക്കോട് ഉണ്ടായത് കള്ളക്കടൽ പ്രതിഭാസമാണെന്നാണ് വിവരം. രാത്രിയിൽ ശക്തമായ തിരമാലയുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ പ്രദേശവാസികൾക്ക് ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്.