ഷാഫിക്ക് പരിക്കേറ്റതിന്റെ ഉത്തരവാദി യു.ഡി.എഫ്: ടി.പി രാമകൃഷ്ണൻ
ചില പൊലീസുകാർക്ക്
ചാഞ്ചാട്ടമെന്നും വിമർശനം
പേരാമ്പ്ര: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പിക്ക് മർദ്ദനമേറ്റ സംഭവത്തിൽ പൊലീസിനെ ന്യായീകരിച്ച് എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ. പേരാമ്പ്രയിൽ സി.പി.എം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രമസമാധാന പ്രശ്നമുണ്ടാകാതിരിക്കാനാണ് പൊലീസ് ശ്രമിച്ചത്. പ്രശ്നമുണ്ടാക്കിയത് ഷാഫിയാണ്. ഷാഫിക്ക് പരിക്കേറ്റെങ്കിൽ അതിന് ഉത്തരവാദി യു.ഡി.എഫ് തന്നെയാണ്. മൂക്കിന് സർജറി കഴിഞ്ഞുവെന്നാണ് പറയുന്നത്. സർജറി കഴിഞ്ഞയാൾ എങ്ങനെ പെട്ടെന്ന് സംസാരിക്കുമെന്നും അദ്ദേഹം ചോദിച്ചു. എല്ലാ തെളിവുകളും പൊലീസ് പരിശോധിക്കണം. സംഘർഷ സ്ഥലത്തെത്തിയാൽ ജനപ്രതിനിധികൾ പൊലീസിനോട് സംസാരിക്കണം. അതുണ്ടായില്ല. പൊലീസിനെ ആക്രമിച്ചവർക്കൊപ്പമാണ് ചേർന്നത്. പൊലീസിന് നേരെ അക്രമി സംഘം സ്ഫോടക വസ്തുവെറിഞ്ഞു. കൊല്ലാനും അതുവഴി കലാപമുണ്ടാക്കാനുമായിരുന്നു യു.ഡി.എഫ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
റൂറൽ എസ്.പിക്കു നേരെയും ടി.പി രാമകൃഷ്ണൻ പരോക്ഷ വിമർശനമുന്നയിച്ചു. ചില പൊലീസ് ഉദ്യോഗസ്ഥർക്ക് ചാഞ്ചാട്ടമുണ്ട്. അത് ശരിയല്ല. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് നിലപാടെടുക്കണം. കള്ള പ്രചാരവേല കേട്ട് നിരപരാധികളുടെ മേൽ കുറ്റം ചാർത്തരുത്. അന്വേഷണം നിഷ്പക്ഷമായി നടക്കട്ടെ. സോഷ്യൽ മീഡിയയിൽ തനിക്കെതിരെയും പ്രചാരണം നടത്തുന്നുണ്ട്. അത് തുടങ്ങിയവർ തന്നെ നിറുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.