ദേവസ്വം ആസ്ഥാനത്ത് എസ്.പിയുടെ മൊഴി തേടി പ്രത്യേക സംഘം
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കവർച്ച അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്നലെയും ദേവസ്വം ബോർഡ് ആസ്ഥാനത്ത് എത്തി. ആദ്യം അന്വേഷിച്ച വിജിലൻസ്എസ്.പിയിൽ നിന്ന് മൊഴിയെടുത്തു. തുടർച്ചയായ രണ്ടാംദിവസമാണ് സംഘം ദേവസ്വം ആസ്ഥാനത്ത് എത്തുന്നത്. ദ്വാരപാലക ശില്പപാളികൾ ഉണ്ണികൃഷ്ണൻ പോറ്റി പുറത്തുകൊണ്ടുപോയത് ട്രാവൻകൂർ ദേവസ്വം മാനുവലിന് എതിരാണ്. അത് ഉദ്യോഗസ്ഥ വീഴ്ചയായി മാത്രം കാണാനാവില്ലെന്നാണ് എസ്.പിയായ സുനിൽകുമാർ മൊഴി നൽകിയിരിക്കുന്നത്. 2019ലെ ദേവസ്വം ബോർഡ് അധികാരികളുടെ പ്രേരണയോ സമ്മർദ്ദമോ നിർദ്ദേശമോ ഉണ്ടായിരുന്നെന്ന കണ്ടെത്തൽ അദ്ദേഹം ഇന്നലെയും ആവർത്തിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ
അറസ്റ്റ് ഉടനില്ല? പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും ഒന്നാംപ്രതിയായ സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ല. അറസ്റ്റ് അടക്കമുള്ള നടപടികൾ വിശദമായ തെളിവുകൾ ശേഖരിച്ച ശേഷം മാത്രം മതിയെന്നാണ് നിലവിലെ തീരുമാനം. ഉണ്ണികൃഷ്ണൻ പോറ്റി സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ചൊവ്വാഴ്ച ദേവസ്വം ബോർഡ് യോഗത്തിനിടെയും പ്രത്യേക സംഘം ദേവസ്വം ആസ്ഥാനത്ത്എത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.