അടുത്തടുത്ത് പരീക്ഷ: ആശങ്ക പരിഹരിക്കുമെന്ന് സി.ബി.എസ്.ഇ
കൊച്ചി: സി.ബി.എസ്.ഇയുടെ പത്ത്, 12 ക്ലാസുകളിലെ പരീക്ഷാ ടൈംടേബിളിൽ രണ്ടു വിഷയങ്ങൾ അടുത്തടുത്ത ദിവസങ്ങളിൽ നിശ്ചയിച്ചതിനെക്കുറിച്ചുള്ള വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കുമെന്ന് സി.ബി.എസ്.ഇ അധികൃതർ അറിയിച്ചു.
പുതുക്കിയ പരീക്ഷാരീതി അനുസരിച്ച് ഈ അദ്ധ്യയനവർഷം മുതൽ രണ്ട് ബോർഡ് പരീക്ഷകളുണ്ട്. ഫെബ്രുവരി പകുതിയിൽ പരീക്ഷ ആരംഭിച്ച് ഏപ്രിൽ ആദ്യവാരം ഫലം പ്രഖ്യാപിക്കുകയും രണ്ടാമത്തെ പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ആവശ്യമായ സമയം നൽകിയുമാണ് ടൈംടേബിൾ തയ്യാറാക്കിയത്.
നിലവിലെ ടൈംടേബിൾ പ്രകാരം പത്താം ക്ലാസിന് ഫെബ്രുവരി 5ന് മലയാളം, 6ന് സോഷ്യൽ സ്റ്റഡീസ് എന്നീ പരീക്ഷകളാണ് നിശ്ചയിച്ചത്. രണ്ട് പരീക്ഷകൾ തുടർച്ചയായ ദിവസങ്ങളിൽ വരുന്നതുമൂലം പരീക്ഷയ്‌ക്ക് തയ്യാറെടുക്കാനുള്ള സമയക്കുറവ് വിദ്യാർത്ഥികളെ ആശങ്കയിലാക്കി. പ്ലസ് ടു പരീക്ഷയിലും ഇതേ സ്ഥിതിയുണ്ട്.
സി.ബി.എസ്. സമ്പ്രദായപ്രകാരം മുഴുവൻ സ്‌കൂളുകളിലും പരീക്ഷാകേന്ദ്രമില്ല. സമീപത്തെ അംഗീകൃത സ്‌കൂളുകളാണ് പരീക്ഷാകേന്ദ്രമായി അനുവദിക്കുക. പരീക്ഷാ ദിവസങ്ങളിലെ യാത്രയും തുടർപരീക്ഷകളെ ബാധിക്കും.
സ്‌കൂളുകളും വിദ്യാർത്ഥികളും രക്ഷിതാക്കളും നേരിടുന്ന ബുദ്ധിമുട്ടുകൾ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾ കേരള, പരീക്ഷാ കൺട്രോളറെ അറിയിച്ചതായി നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ പറഞ്ഞു. വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടാകാത്ത രീതിയിൽ പരീക്ഷ ടൈംടേബിൾ പുന:ക്രമീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്ന് അറിയിച്ചതായും ഇന്ദിര രാജൻ പറഞ്ഞു.