9ാം ക്ളാസിലെ കൂട്ടുകാർ ജൂനിയറും സീനിയറും

Thursday 16 October 2025 12:54 AM IST

കൊല്ലം: ഒരേ സ്കൂളിൽ ഒൻപതാം ക്ളാസുകാരാണെങ്കിലും അപർണയും അഭിരാമിയും കളിക്കളത്തിൽ ഇറങ്ങിയത് സീനിയറും ജൂനിയറുമായിട്ടാണ്. 3000 മീറ്റർ ഓട്ടത്തിൽ രണ്ട് വിഭാഗത്തിന്റെയും സ്വർണം നേടിയാണ് ഇരുവരും ഇന്നലെ കളിക്കളം വിട്ടത്. ചാത്തന്നൂർ ഉപജില്ലയിലെ പൂതക്കുളം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളാണിവർ.

പൂതക്കുളം അശ്വതി നിവാസിൽ ഓട്ടോ ഡ്രൈവറായ സജിലാലിന്റെയും സുനിതയുടെയും മകളാണ് എസ്.അഭിരാമി കഴിഞ്ഞ വർഷം മൂവായിരം മീറ്റർ ഓട്ടത്തിന് രണ്ടാം സ്ഥാനവും 1500 മീറ്ററിൽ മൂന്നാം സ്ഥാനവുമായിരുന്നു നേടിയത്. പൂതക്കുളം ആലിന്റെമൂട് ജി.സി നിവാസിൽ പ്രവാസിയായ പി.ജയപ്രകാശിന്റെയും രജി കൃഷ്ണയുടെയും മകളാണ് അപർണ പ്രകാശ്. കഴിഞ്ഞ വർഷം 1500, 3000 മീറ്റർ ഓട്ട മത്സരങ്ങളിൽ ഒന്നാം സമ്മാനവും 800 മീറ്റർ ഓട്ടത്തിന് രണ്ടാം സമ്മാനവും ലഭിച്ചിരുന്നു. കഴിഞ്ഞ സംസ്ഥാന അത്‌ലറ്റിക്സ് മത്സരത്തിൽ 1000 മീറ്റ‌ർ ഓട്ടത്തിന് ഒന്നാം സമ്മാനവും ലഭിച്ചു. ഒൻപതാം ക്ളാസിലാണ് ഇരുവരുമെങ്കിലും പ്രായത്തിലെ ചില്ലറ വ്യത്യാസം കണക്കിലെടുത്താണ് ജൂനിയറും സീനിയറുമായി മാറിയത്. സ്കൂൾ ഗ്രൗണ്ടിൽ നിഹാസിന്റെ പരിശീലനത്തിലായിരുന്നു കായിക മേളയ്ക്കുള്ള തയ്യാറെടുപ്പ്. അത് വിജയം കണ്ടതിന്റെ സന്തോഷത്തിലാണ് കൂട്ടുകാരികൾ.