നാമജപ ഘോഷയാത്ര

Thursday 16 October 2025 12:59 AM IST

കൊട്ടാരക്കര: ദേവസ്വം ബോർഡിന് കീഴിലുള്ള മുഴുവൻ ദേവാലയങ്ങളും ഈശ്വര വിശ്വാസികളായ ഹൈന്ദവർ പിടിച്ചെടുക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. കൊട്ടാരക്കരയിൽ നടന്ന നാമജപ ഘോഷയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്ര പ്രസിദ്ധമായ കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്രം ഉൾപ്പടെയുള്ള ക്ഷേത്രങ്ങളിലെ ദേവസ്വം ബോർഡ് അഴിമതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന നാമജപ ഘോഷയാത്ര ചന്തമുക്ക് കുലശേഖരനല്ലൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് മഹാഗണപതി ക്ഷേത്രാങ്കണത്തിൽ സമാപിച്ചു. ആർ.എസ്.എസ് ജില്ലാ സംഘചാലക് ആർ.ദിവാകരൻ അദ്ധ്യക്ഷനായി. ഹിന്ദു ഐക്യസഭ സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്, കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജിപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.