പവർ ലിഫ്ടിംഗിൽ ദേശീയ റെക്കാഡ്

Thursday 16 October 2025 1:00 AM IST

കരുനാഗപ്പള്ളി: അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ നടന്ന റവന്യൂ ജില്ലാ പവർലിഫ്ടിംഗ് ചാമ്പ്യൻഷിപ്പിൽ അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്‌വൺ വിദ്യാർത്ഥിനി സഹദിയ ഫാത്തിമയ്ക്ക് ദേശീയ റെക്കാഡ്. ഡെഡ് ലിഫ്ട് വിഭാഗത്തിൽ 147.5 കിലോ ഉയർത്തിയാണ് സ്വന്തം പേരിലുള്ള റെക്കാഡ് മറികടന്ന് ദേശീയ റെക്കാഡ് സ്വന്തമാക്കിയത്. വിവിധ വിഭാഗങ്ങളിലായി 295 കിലോ ഉയർത്തിയ സഹദിയ ഫാത്തിമയെ സ്ട്രോംഗ് വുമണായും തിരഞ്ഞെടുത്തു. ആൺകുട്ടികളുടെ വിഭാഗത്തിൽ ടോട്ടൽ 432 കിലോ ഭാരം ഉയർത്തിയ അഞ്ചൽ ഈസ്റ്റ്‌ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥി എ.അർജുനാണ് സ്ട്രോംഗ് മാൻ. അമൃത വിശ്വവിദ്യാപീഠം ഫിറ്റ്നസ് ആൻഡ് സ്‌ട്രെംഗ്ത് സ്പോർട്സ് പഠനവകുപ്പ് മേധാവി ബിജേഷ് ചിറയിൽ മെഡൽ വിതരണം ചെയ്തു.