അട്ടപ്പാടിയിൽ ഇനി കള്ള് ചെത്താം, വിൽക്കരുത്
കൊച്ചി: കാൽ നൂറ്റാണ്ടിലേറെയായി മദ്യവും കള്ളുചെത്തും നിരോധിച്ചിട്ടുള്ള അട്ടപ്പാടി- അഗളി, ഷോളയാർ മേഖലകളിൽ കള്ളു ചെത്താൻ എക്സൈസ് വകുപ്പിന്റെ അനുമതി. എന്നാൽ, ഈ പ്രദേശങ്ങളിൽ കള്ള് വിൽക്കാൻ പാടില്ലെന്നും എക്സൈസ് കമ്മിഷണർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
സംസ്ഥാനത്തെ പ്രധാനപ്പെട്ട ആദിവാസി മേഖലകളായ അട്ടപ്പാടിയിലും അഗളിയിലും ഷോളയാറിലും മദ്യഉപയോഗം കൂടുന്നത് കണക്കിലെടുത്ത് കരുണാകരൻ സർക്കാരിന്റെ കാലത്താണ് സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയത്. എങ്കിലും കള്ള് ഉത്പാദിപ്പിക്കുന്നതിന് തടസമുണ്ടായിരുന്നില്ല. എന്നാൽ, അതും എക്സൈസ് വകുപ്പ് അനുവദിച്ചിരുന്നില്ല. ഷാപ്പ് കരാറുകാരുടെയും കേര കർഷകരുടെയും നിരന്തരമായ ആവശ്യത്തെ തുടർന്നാണ് ഇപ്പോൾ കള്ള് ചെത്തിന് അനുമതി നൽകിയത്.
കണ്ണൂർ, തിരുവനന്തപുരം ജില്ലകൾ ഒഴികെയുള്ള സ്ഥലങ്ങളിലെ ഷാപ്പുകളിൽ കള്ള് ഏറെയും എത്തുന്നത് പാലക്കാട് ജില്ലയിലെ തെങ്ങിൻ തോപ്പുകളിൽ നിന്നാണ്. നല്ല തെങ്ങുകൾ ഉള്ള അട്ടപ്പാടി, അഗളി, ഷോളയാർ മേഖലകളിലും ചെത്ത് ആരംഭിച്ചാൽ കള്ള് വ്യവസായത്തിന് അത് ഗുണകരമാകും. കർഷകർക്ക് കൂടുതൽ വരുമാനവും ലഭിക്കും.
2 ലക്ഷം തെങ്ങുകൾ
അട്ടപ്പാടി മേഖലയിൽ മാത്രം രണ്ടു ലക്ഷത്തോളം തെങ്ങുകൾ ഉണ്ടെന്നാണ് കണക്ക്. 150ലേറെ വലിയ കേരകർഷകരുമുണ്ട്. തെങ്ങുകൾ ചെത്തിന് നൽകാൻ സന്നദ്ധത പ്രകടിപ്പിച്ച് എക്സൈസ് വകുപ്പിനും ഷാപ്പുടമകളുടെ സംഘടനയ്ക്കും ഇവർ കത്തു നൽകിയിരുന്നു.