റെക്കാഡ് തിളക്കത്തിൽ മെസിയും റൊണാൾഡോയും

Thursday 16 October 2025 4:32 AM IST

ഫുട്ബോൾ ലോകത്തെ ഇതിഹാസ താരങ്ങളായ അർജന്റീന ക്യാപ്ടൻ ലയണൽ മെസിയും പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനൊ റൊണാൾഡോയും പുത്തൻ റെക്കാഡ് തിളക്കത്തിൽ

അസിസ്റ്റിൽ അതുക്കും മേലെ മെസി

സൗഹൃദ ഫുട്ബോൾ പോരാട്ടത്തിൽ ആ പ്യൂർട്ടോ റിക്കോയെ 6-0ത്തിന് തകർത്ത് അർജന്റീന

ഫ്ലോറിഡ: അന്താരാഷ്‌ട്ര സൗഹൃദ ഫുട്ബോൾ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീന മറുപടിയില്ലാത്ത ആറുഗോളുകൾക്ക് പ്യൂർട്ടോ റിക്കോയെ തകർത്ത്. അന്താരാഷ്ട്ര പുരുഷ ഫുട്ബോളിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയെന്ന താരമെന്ന റെക്കാഡ് ഇതിഹാസ താരം ലയണൽ മെസി സ്വന്തമാക്കിയ മത്സരം കൂടിയായി ഇത്. പ്യൂർട്ടോറിക്കോയ്‌ക്ക് എതിരെ 2 അസി‌സ്റ്റുകളാണ് താരം നൽകിയത്. ഇതോടെ അന്താരാഷ്ട്ര ഫുട്ബോളിൽ മെസിയുടെ ആകെ അസിസ്റ്റുകളുടെ എണ്ണം 60 ആയി. 59 അസിസ്റ്റുകൾ നൽകിയിട്ടുള്ള ബ്രസീലിയൻ സൂപ്പർ താരം നെയ്‌മറെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മെസി അസി‌സ്റ്റ് കിംഗായത്.

മത്സരത്തിൽ മക്‌അലിസ്റ്ററും ലൗട്ടാറോ മാർട്ടിനസും രണ്ട് ഗോൾ വീതം നേടി. ഗോൺസാലോ മോണ്ടിയേൽ ഒരു തവണ ലക്ഷ്യം കണ്ടപ്പോൾ പ്യൂർട്ടോ റിക്കോയുടെ സ്റ്റീവൻ എച്ചവരിയയുടെ വകയായി സെൽഫ്ഗോളും അർജന്റനീയുടെ അക്കൗണ്ടിൽ എത്തി.

60- അന്താരാഷ്‌ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ താരമായി മെസി. മെസിയുടെ അന്താരാഷ്ട്ര അസിസ്‌റ്റുകളുടെ എണ്ണം 60 ആയി. ക്ലബ് തലത്തിൽ ഏറ്റവും കൂടുതൽ അസി‌സ്റ്റുകൾ നൽകിയ താരവും മെസി തന്നെയാണ്. മെസിയുടെ കരിയറിലെ ആകെ അസിസ്റ്റുകളുടെ എണ്ണം 400ന് അടുത്തെത്തി.

ലോകകപ്പ് യോഗ്യത: ഗോളടിയിൽ റൊണാൾഡോ ഒന്നാമൻ

പോർച്ചുഗലിന് സമനിലക്കുരുക്ക്

ലിസ്‌ബൺ: ഇതിഹാസ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ ഇരട്ടഗോൾ നേടിയിട്ടും യൂറോപ്യൻ മേഖലയിലെ ഫിഫ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ പോർച്ചുഗലിന് സമനിലക്കുരുക്ക്. സ്വന്തം നാട്ടിൽ നടന്ന ഗ്രൂപ്പ് എഫിലെ മത്സരത്തിൽ ഹങ്കറിയോടാണ് പോർച്ചുഗൽ 2-2ന് സമനില വഴങ്ങിയത്. പോയിന്റ് ടേബിളിൽ പോർച്ചുഗൽ തന്നെയാണ് ഒന്നാമത്.

പോർച്ചുഗൽ ജയമുറപ്പിച്ചിരിക്കെ രണ്ടാം പകുതിയുടെ അധികസമയത്ത് ഡൊമിനിക് ഷോബോസ്ലായിയാണ് (90+1) ഹങ്കറിയ്ക്ക് ജയത്തിന് തുല്യമായ സമനില ഗോൾ സമ്മാനിച്ചത്.

ഇന്നലെ രണ്ടാം പകുതിയിൽ നേടിയ രണ്ട് ഗോളുകളോടെ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കാഡ് റൊണാൾഡോ സ്വന്തമാക്കി. മത്സരത്തിൽ നേടിയ ഇരട്ടഗോളുകളോടെ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളിൽ 50 കളികളിൽ നിന്ന് റൊണാൾഡോയുടെ ഗോൾ നേട്ടം 41 ആയി. 40 ഗോളുകൾ നേടിയ ഗ്വാട്ടിമാല താരം കാർലോസ് റൂയിസിന്റെ പേരിലുണ്ടായിരുന്ന റെക്കാഡാണ് റൊണാൾഡോ തിരുത്തിയത്.

41- ഗോളുകൾ നേടിയാണ് റൊണാൾഡോ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളിലെ ടോപ് സ്കോററായത്.

143- ഗോളുകൾ പോർച്ചുഗലിനായി നേടിക്കഴിഞ്ഞ റൊണാൾഡോ തന്നെയാണ് അന്താരാഷ്‌ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയതാരം.