സംസ്ഥാന സ്‌കൂൾ കായികമേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം : ഒളിമ്പിക്‌സ് മാതൃകയിൽ സംഘടിപ്പിക്കുന്ന 67-ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈമാസം 21ന് വൈകിട്ട് നാലിന് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം കീർത്തി സുരേഷാണ് മേളയുടെ ഗുഡ്വിൽ അംബാസഡർ.
12 സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ താൽക്കാലിക ഇൻഡോർ സ്റ്റേഡിയത്തിന്റെ പണി പുരോഗമിക്കുന്നു. വടംവലി ഉൾപ്പെടെയുള്ള 12 മത്സരങ്ങളാണ് സെൻട്രൽ സ്റ്റേഡിയത്തിൽ ക്രമീകരിച്ചിട്ടുള്ളത്. അതിലറ്റിക്‌സ് മത്സരങ്ങൾ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും ത്രോ ഇവന്റസ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലും നടക്കും. മത്സരങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ടെക്നിക്കൽ ഒഫീഷ്യൽസിനെയും, സെലക്ടേഴ്സിനെയും വോളണ്ടിയേഴ്സിനെയും നിയോഗിച്ചു. കുട്ടികളുടെയും ഒഫീഷ്യൽസിന്റെയും, താമസത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് താമസിക്കുന്നതിനായി എഴുപതോളം സ്‌കൂളുകളും സഞ്ചരിക്കുന്നതിനായി ബസുകളും ക്രമീകരിച്ചു.
ഭക്ഷണത്തിനായി പുത്തരിക്കണ്ടത്ത് ഉൾപ്പടെ അഞ്ച് അടുക്കളകൾ സജ്ജീകരിച്ചിട്ടുണ്ട്. പ്രധാന ഭക്ഷണസ്ഥലമായ പുത്തരിക്കണ്ടം മൈതാനത്ത് ഒരേസമയം 2500പേർക്ക് ഇരുന്ന് കഴിക്കാൻ പാകത്തിന് ഭക്ഷണപ്പന്തൽ ഒരുക്കുന്നുണ്ട്. ഉദ്ഘാടനത്തിനോടനുബന്ധിച്ച് 4500കുട്ടികളുടെ മാർച്ച് പാസ്റ്റും 4000 കുട്ടികളുടെ കലാപരിപാടികളും അവതരിപ്പിക്കും. സമാപന സമ്മേളനവും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ്. വിദേശത്തുള്ള കുട്ടികളുടെ കോർഡിനേഷന് അദ്ധ്യാപകരെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വിളംബര ഘോഷയാത്രയ്‌ക്ക് ഇന്ന് തുടക്കം
സംസ്ഥാന സ്കൂൾ കായിക മേളയോട് അനുബന്ധിച്ചുള്ള സ്വർണക്കപ്പ് വഹിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്ര ഇന്ന് രാവിലെ എട്ടുമണിക്ക് കാഞ്ഞങ്ങാട് നിന്നും ആരംഭിക്കും. വിവിധ ജില്ലകളിലെ പര്യടനത്തിനുശേഷം ഇരുപത്തിയൊന്നാം തീയതി തിരുവനന്തപുരത്ത് സമാപിക്കും. ഈ വർഷം ആദ്യമായി ഏർപ്പെടുത്തിയ സ്വർണക്കപ്പ് ഒളിമ്പിക്സ് മാതൃകയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന സമ്മേളനത്തിലാണ് വിതരണം ചെയ്യുക. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ കായികതാരങ്ങൾ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുക്കും..