കോമൺവെൽത്ത് ഗെയിംസ് വേദിയാകാൻ ഇന്ത്യ
അഹമ്മദാബാദിനെ ശുപാർശ ചെയ്‌തു
ന്യൂഡൽഹി: 2030ലെ കോമൺവെൽത്ത് ഗെയിംസിന് വേദിയാകാൻ ഒരുങ്ങി ഇന്ത്യ. വേദിയായി ഗുജറാത്തിലെ അഹമ്മദാബാദിനെ ഇന്നലെ കോമൺവെൽത്ത് സ്പോർട് എക്‌സിക്യൂട്ടീവ് ശുപാർശ ചെയ്‌തു. അഹമ്മദാബാദിന്റെ പേര് ഇനി കോമവെൽത്ത് സ്പോർട്ടിലെ മുഴുവൻ അംഗങ്ങൾ മുൻപാകെ സമർപ്പിക്കും. നവംബർ 26ന് ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് സ്പോർട്ട് ജനറൽ അസംബ്ലിയിൽ വച്ച് അന്തിമ തീരുമാനവും പ്രഖ്യാപനവും ഉണ്ടാകും.
ഇന്ത്യയെക്കൂടാതെ ആഫ്രിക്കൻ പ്രതിനിധികളായ നൈജീരിയയാണ് വേദിക്കായി രംഗത്തുള്ളത്. കോമൺവെൽത്ത് ഗെയിംസ് വേദിക്കായി ഇന്ത്യയെ ശുപാർശ ചെയ്തത് രാജ്യത്തിന്റെ കായിക രംഗത്തിന് അഭിമാനാർഹമായ നേട്ടമാണെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി മെമ്പറും റിലയൻസ് ഫൗണ്ടഷൻ ഫൗണ്ടർ ചെയർ പേഴ്‌സണുമായ നിത അംബാനി പറഞ്ഞു.
നേരത്തേ ഡൽഹി കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.
2036 ലെ ഒളിമ്പിക്‌സ് വേദിക്കായി തയ്യാറെടുപ്പുകൾ തുടങ്ങിയ ഇന്ത്യ ആലക്ഷ്യം മുൻ നിറുത്തിയാണ് 2030ലെ കോമൺ വെൽത്ത് ഗെയിംസ് വേദിക്കായി ശ്രമിച്ചത്.
ബംഗളൂരുവിന് നാലാം ജയം
ഹൈദരാബാദ്: പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണില്‍ തുടർച്ചയായ നാലാം ജയത്തോടെ ബംഗളൂരു ടോർപിഡോസ് ഒന്നാമത്. നാല് സെറ്റ് കളിയിൽ ചെന്നൈ ബ്ലിറ്റ്‌സിനെയാണ് കീഴടക്കിയത്. സ്‌കോർ: 17–15, 14–16, 17–15, 16–14. ജോയെൽ ബെഞ്ചമിൻ ആണ് കളിയിലെ താരം.
ഇംഗ്ലണ്ട് ഉറപ്പിച്ചു
റിഗ: യൂറോപ്യൻ മേഖലയിൽ നിന്നും 2026ലെ ഫിഫ ലോകകപ്പിന് യോഗ്യത ഉറപ്പിച്ച് ഇംഗ്ലണ്ട്. ഗ്രൂപ്പ് കെയിലെ മത്സരത്തിൽ ലാത്വിയയെ 6-0ത്തിന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് യോഗ്യത നേടിയത്. ഗ്രൂപ്പിൽ കളിച്ച 6 മത്സരങ്ങളും ഇംഗ്ലണ്ട് ജയിച്ചു.
ഏഷ്യയിൽ നിന്ന് ഖത്തർ,സൗദി അറേബ്യ, ആഫ്രിക്കയിൽ നിന്ന് ഐവറി കോസ്റ്റ്, ദക്ഷിണാഫ്രിക്ക , സെനഗൽ എന്നീ ടീമുകളും യോഗ്യത ഉറപ്പിച്ചു.
ആസ്ട്രേലിയൻ പര്യടനത്തിനായി യാത്ര തിരിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളായ ക്യാപ്‌ടൻ ശുഭ്‌മാൻ ഗില്ലും വിരാട് കൊഹ്‌ലിയും വിമാനത്തിൽ. ഗിൽ സാമൂഹ്യമാദ്ധ്യമത്തിൽ പങ്കുവച്ച ചിത്രം.