നെന്മാറ സജിത വധക്കേസ്; ശിക്ഷാ വിധി ഇന്ന്, നിർണായകമായത് ചെന്താമരയുടെ ഭാര്യയുടെ മൊഴി
പാലക്കാട്: നെന്മാറ പോത്തുണ്ടി ബോയൻ കോളനി സജിത കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്. പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുന്നത്. പ്രതിയായ ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം. 14ന് പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി വിധിച്ചിരുന്നു. കൊലപാതകത്തിന് പുറമേ വീട്ടിൽ അതിക്രമിച്ച് കടക്കൽ, തെളിവ് നശിപ്പിക്കൽ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി വിധിച്ചു.
അയൽവാസിയായിരുന്ന പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സുധാകരന്റെ ഭാര്യ സജിതയെ 2019 ആഗസ്റ്റ് 31നാണ് ചെന്താമര വെട്ടിക്കൊന്നത്. തന്റെ ഭാര്യ പിണങ്ങി പോവാൻ കാരണം സജിതയാണെന്ന് മന്ത്രവാദി പറഞ്ഞതിനെ തുടർന്നായിരുന്നു കൊലപാതകം. വീടിന്റെ പിറകുവശത്തുള്ള വാതിലിലൂടെ അകത്തുകയറിയാണ് സജിതയെ വെട്ടിയത്. തുടർന്ന് പോത്തുണ്ടി വനമേഖലയിൽ ഒളിച്ചുകഴിയുകയായിരുന്ന ചെന്താമരയെ രണ്ടുദിവസത്തെ തെരച്ചിലിനൊടുവിലാണ് പിടികൂടിയത്.
കേസിൽ 68 സാക്ഷികളാണുണ്ടായിരുന്നത്. ഇതിൽ പ്രതി ചെന്താമരയുടെ ഭാര്യ, സഹോദരൻ, കൊല്ലപ്പെട്ട സജിതയുടെ മകൾ ഉൾപ്പെടെ 44 പേരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. സജിതയുടെ വീടിനകത്ത് ചോര പതിഞ്ഞ ചെന്താമരയുടെ കാൽപാടുകളാണ് കേസിൽ നിർണായകമായത്. ഒപ്പം മൽപിടുത്തത്തിനിടയിൽ പോക്കറ്റ് കീറി നിലത്തുവീണ വസ്ത്രം ചെന്താമരയുടെ തന്നെയെന്ന ഇയാളുടെ ഭാര്യയുടെ മൊഴിയും പ്രതിക്ക് കുരുക്കായി.
2020ലാണ് ചാർജ് ഷീറ്റ് സമർപ്പിച്ചത്. 2025 ആഗസ്റ്റ് നാലിന് സാക്ഷിവിസ്താരം ആരംഭിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ.വിജയകുമാറാണ് ഹാജരായത്. റിമാൻഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷം 2025 ജനുവരി 27നു സജിതയുടെ ഭർത്താവ് സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.