ഒഴിച്ചുകൂടാനാകാത്ത സാധനം, ഓൺലൈനായി വാങ്ങിയാൽ വില പകുതിയിൽ താഴെ മാത്രം; ഉപയോഗിച്ചാൽ കാൻസർ സാദ്ധ്യത
കോട്ടയം: ഭക്ഷ്യ സാധനങ്ങളുടെ ഗുണനിലവാര പരിശോധനയില്ലാത്തതിനാൽ ആരോഗ്യത്തിന് ഹാനികരമായ ഭക്ഷ്യവസ്തുക്കൾ വരെ കുറഞ്ഞ വിലക്ക് ഓൺലൈനിലൂടെ ലഭ്യമാക്കുന്നതായി പരാതി. വ്യാജ വെളിച്ചെണ്ണ ഉൾപ്പെടെയുള്ളവയുടെ ഓൺലൈൻ വില്പനയാണ് വ്യാപകമായത്.
ഒരു കിലോ വെളിച്ചെണ്ണ ചില്ലറ വില 400 രൂപ വരെയാണ്. വിവിധ ബ്രാൻഡഡ് വെളിച്ചെണ്ണയ്ക്ക് 500 രൂപ വരെ വിലയുണ്ട്. ഓൺലൈനിലൂടെ 215 രൂപയ്ക്ക് വരെ വെളിച്ചെണ്ണ ലഭ്യമാണ്. കൊപ്രാക്ക് ഇതിൽ കൂടുതൽ വിലയുള്ളതിനാൽ മായം ചേർത്ത വെളിച്ചെണ്ണയേ ഈ വിലക്ക് വിൽക്കാനാകൂ. പരിശോധന ഇല്ലാത്തതിനാൽ ആർക്കും വ്യാജൻ ഇറക്കി വിപണിയിൽ വിലസാനാകും.
കേരളത്തിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് ഗുണനിലവാരം ഇല്ലാത്തത് എന്ന് കണ്ടെത്തി വില്പന നിരോധിച്ച കമ്പനികൾ അന്യ സംസ്ഥാനങ്ങളിൽ പോയി സർക്കാർ ലൈസൻസ് എടുത്ത് ഓൺലൈൻ വിപണി വഴി വില്പന നടത്തുന്നത് വ്യാപകമാണ്. വ്യാജ മേൽവിലാസത്തിലുള്ള കമ്പനികളുടെ വരെ ഭക്ഷ്യ ഉത്പ്പന്നങ്ങൾ വില കുറച്ച് ഓൺലൈനിലൂടെ ലഭ്യമാക്കുന്നുണ്ട്.. ലൈസൻസ് ഉള്ളതും ഇല്ലാത്തതുമായ സ്ഥാപനങ്ങൾ ഇക്കൂട്ടത്തിലുണ്ട്.
വില വെറും 215 മാത്രം
499 രൂപ വിലയുള്ള ഒരു കിലോ വെളിച്ചെണ്ണ 215 രൂപക്കും അരക്കിലോ 97 രൂപക്കും രാവിലെ 7 മുതൽ 10 വരെ ലഭിക്കുമെന്ന പരസ്യം വഴിയാണ് ഒരു ബ്രാൻഡിന്റെ വെളിച്ചെണ്ണ വില്പന ഓൺലൈനിൽ തകൃതിയായി നടക്കുന്നത്. പരിശോധനാ സംവിധാനമില്ലാത്തതിനാൽ ഈ വെളിച്ചെണ്ണയിൽ പാരഫിൻ മെഴുക്, പല തവണ ഉപയോഗിച്ച എണ്ണ തുടങ്ങി കാൻസറിനു വരെ കാരണമാകുന്ന വസ്തുക്കൾ ചേർത്തിട്ടുണ്ട്. ഇവ ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമോ, ആരോഗ്യത്തിന് ഹാനികരമാകുമോ എന്നു കണ്ടെത്താൻ സംവിധാനമില്ല.
നിലവിൽ ഒരു കിലോ വെളിച്ചണ്ണയുടെ വില നാനൂറു രൂപയ്ക്ക് മുകളിലാണ്. ഓൺലൈൻ വഴി വില്പന നടത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കണം . എങ്കിലേ വ്യാജനെ നിയന്ത്രിക്കാനാവൂ- എബി ഐപ്പ് (ഭക്ഷ്യോപദേശക വിജിലൻസ് സമതി അംഗം).