മലയാളി യാത്രക്കാരുടെ ഏറെനാളത്തെ ആവശ്യം; സഫലമാക്കി ഇന്ത്യൻ റെയിൽവെ, പുതിയ സർവീസ് ഇന്ന് മുതൽ

Thursday 16 October 2025 11:09 AM IST

തിരുവനന്തപുരം: മലയാളികൾക്ക് അനുഗ്രഹമായി റെയിൽവെയുടെ പുതിയ സർവീസിന് തുടക്കമാകുന്നു. തിരുവനന്തപുരത്ത് നിന്ന് മധുരയിലേക്ക് സർവീസ് നടത്തുന്ന അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടാൻ റെയിൽവെ ബോർഡ് അനുമതി നൽകി. ഇന്ന് മുതൽ രാമേശ്വരത്തേക്ക് സർവീസ് നടത്തും.

രാത്രി 8.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം ഉച്ചയ്ക്ക് 12.45ന് രാമേശ്വരത്ത് എത്തും. രാമേശ്വരത്ത് നിന്ന് ഉച്ചയ്ക്ക് 1.30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് പുലർച്ച 4.55ന് തിരുവനന്തപുരത്ത് എത്തും. ഏറെ നാളായി മലയാളികൾ ആഗ്രഹിച്ച സർവീസുകളിൽ ഒന്നാണിത്. കേരളത്തിൽ നിന്ന് രാമേശ്വരത്തേക്ക് ഏറെ നാളായി സർവീസ് ഇല്ലായിരുന്നു.

മീറ്റർ ഗേജ് കാലഘട്ടത്തിൽ പാലക്കാട് നിന്ന് രാമേശ്വരത്തേക്ക് ട്രെയിൻ സർവീസുകളുണ്ടായിരുന്നു. എന്നാൽ ഗേജ് മാറ്റിയതോടെ അവ നിർത്തലാക്കുകയായിരുന്നു. 2018ൽ ഗേജ് മാറ്റം പൂർത്തിയായിട്ടും സർവീസ് ഒന്നുംതന്നെ പുനഃരാരംഭിച്ചിരുന്നില്ല. അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടണമെന്ന് യാത്രക്കാർ ഏറെ നാളായി ആവശ്യപ്പെട്ടിരുന്ന ഒന്നായിരുന്നു. മധുരയ്ക്കും രാമേശ്വരത്തിനും ഇടയിൽ മാനമധുര, പരമക്കുടി, രാമനാഥപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.