ഭക്ഷണം കഴിക്കുന്നതിനിടെ പോളണ്ടിൽ നിന്നുള്ള കുട്ടി അരികിലെത്തി; പിന്നെ നടന്നത് അതിശയകരമായ കാര്യങ്ങൾ

Thursday 16 October 2025 12:53 PM IST

കുട്ടികളുടെ നിഷ്‌കളങ്കതയെക്കുറിച്ച് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മറ്റുള്ളവരെ കളങ്കമില്ലാതെ സ്‌നേഹിക്കാനും അവർക്കൊപ്പം കൂട്ടുകൂടാനുമൊക്കെ കുട്ടികൾക്ക് ഏറെ ഇഷ്ടമാണ്. അത്തരത്തിലൊരു കൊച്ചുപെൺകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഓസ്‌ട്രേലിയയിലെ പാർക്കിൽ എത്തിയതാണ് ഈവ എന്ന സ്ത്രീയും മകളായ ഗയയും. ഇതേപാർക്കിൽ മറ്റൊരു കുടുംബവും ഉണ്ടായിരുന്നു. അവർ പായ വിരിച്ച് ഇരിക്കുകയായിരുന്നു. ഇത് കുട്ടി കണ്ടു. അമ്മ സാധനങ്ങൾ കാറിൽ വയ്ക്കുന്ന തിരക്കിലായപ്പോൾ ആ കുടുംബത്തിനടുത്തേക്ക് ചെല്ലുകയായിരുന്നു ഗയ. തുടർന്നുണ്ടായ അത്ഭുതകരമായ സംഭവങ്ങളാണ് പെൺകുട്ടിയുടെ അമ്മ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

ആ കുടുംബം കുട്ടിയെ ഹൃദ്യമായിത്തന്നെ സ്വീകരിച്ചു. മിനിട്ടുകൾക്കുള്ളിൽ ഗയ ആ കുടുംബത്തിലെ ഒരംഗത്തെപ്പോലെയായി. അമ്മയെ ഒന്ന് തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ ആ കുടുംബത്തിനൊപ്പം സംസാരിക്കുകയും ഭക്ഷണം കഴിക്കുകയുമൊക്കെയായിരുന്നു പെൺകുട്ടി.

ആ കുടുംബം ഇന്ത്യയിൽ നിന്നുള്ളവരാണെന്നായിരുന്നു ഈവാ ആദ്യം കരുതിയത്. പിന്നീട് അവരോട് സംസാരിച്ചപ്പോൾ ബംഗ്ലാദേശിൽ നിന്നുള്ളവരാണെന്ന് മനസിലായി. എത്ര പെട്ടെന്നാണ് കുട്ടികൾക്ക് ആളുകളെ സ്‌നേഹിക്കാൻ കഴിയുന്നതെന്ന് പറഞ്ഞുകൊണ്ടാണ് യുവതി മകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ബംഗ്ലാദേശിലെ ആ കുടുംബത്തിലുള്ള ചിലർ ഈവയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. യാത്രയിൽ തങ്ങൾക്കൊപ്പം ചേർന്നതിന് നന്ദിയുണ്ട് എന്നായിരുന്നു കമന്റ്.