ശബരിമല സ്വർണക്കവർച്ച; ഉണ്ണികൃഷ്‌ണൻ പോറ്റി കസ്റ്റഡിയിൽ, ചോദ്യം ചെയ്യുന്നത് രഹസ്യ കേന്ദ്രത്തിൽ

Thursday 16 October 2025 3:02 PM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്‌ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്തതായി സൂചന. പ്രത്യേക സംഘം വീട്ടിലെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രഹസ്യ കേന്ദ്രത്തിലാണ് ചോദ്യം ചെയ്യൽ. അറസ്റ്റ് രേഖപ്പെടുത്തിയോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഉണ്ണികൃഷ്‌ണൻ പോറ്റിയെ നേരത്തേ നിരവധി തവണ ദേവസ്വം വിജിലൻസ് ചോദ്യം ചെയ്‌തിരുന്നു. സ്വർണക്കൊള്ള പുറത്തുവന്ന് ദിവസങ്ങൾ പിന്നിടുമ്പോഴാണ് കസ്റ്റഡിയിലെടുത്തത്.

അതേസമയം, സ്വർണക്കവർച്ചാ കേസിൽ ദേവസ്വം മുൻ കമ്മീഷണർ എൻ വാസുവിനെയും എസ്‌ഐടി ചോദ്യം ചെയ്യും. സ്വർണം പതിപ്പിച്ച കട്ടിള ചെമ്പാണെന്ന് രേഖപ്പെടുത്തി കൈമാറിയത് വാസുവിന്റെ കാലത്താണെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. ഇത് അനുബന്ധ റിപ്പോർട്ടായി ഹൈക്കോടതിക്ക് കൈമാറിയിരുന്നു. എന്നാൽ, ഉത്തരവാദിത്തം തിരുവാഭരണം കമ്മീഷണർക്കാണെന്നായിരുന്നു എൻ വാസുവിന്റെ പ്രതികരണം.